റഷ്യയുമായി ഗതാഗത ഇടനാഴിയും സമുദ്രപാതയും വികസിപ്പിക്കാൻ നീക്കം
ന്യൂഡൽഹി: ഇന്ത്യ, റഷ്യ, ഇറാൻ, മധ്യേഷ്യ എന്നിവയെ കടൽ, റെയിൽ, റോഡ് മാർഗം ബന്ധിപ്പിക്കാനുള്ള ഇന്റർനാഷണൽ നോർത്ത്-സൗത്ത് ഗതാഗത ഇടനാഴി വികസിപ്പിക്കുന്നതിന് കൂട്ടായ ശ്രമം നടത്താൻ ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ ധാരണയായി.
ചെന്നൈ-വ്‌ളാഡിവോസ്റ്റോക്ക് ഇടനാഴി, പസഫിക്, അറ്റ്ലാന്റിക് സമുദ്രം വഴി റഷ്യൻ തീരത്തേക്കുള്ള നോർത്തേൺ സമുദ്രപാത എന്നിവ യാഥാർത്ഥ്യമാക്കാൻ കൂട്ടായ ശ്രമം നടത്തും.
റഷ്യൻ പൗരന്മാർക്ക് സൗജന്യ 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും അനുവദിക്കും.ഇന്ത്യയിൽ പഹൽഗാമിലും 2024 മാർച്ച് 22 ന് മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണത്തെ ഉച്ചകോടി അപലപിച്ചു. 2000 ഒക്ടോബറിൽ പുട്ടിന്റെ ആദ്യ ഇന്ത്യൻ സന്ദർശന വേളയിൽ സ്ഥാപിതമായ ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനത്തിന്റെ 25-ാം വാർഷിക വേളയിലാണ് ഉച്ചകോടി നടന്നത്.
നിർണായക ധാതുക്കളുടെയും അപൂർവ മണ്ണിന്റെയും പര്യവേക്ഷണം, സംസ്കരണം, പുനരുപയോഗം എന്നിവയുടെ സാങ്കേതികവിദ്യകൾ വികസിപ്പിക്കും.
ഭീകരത, വിഘടനവാദം, മയക്കുമരുന്ന് കടത്ത്, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ, വിവര സുരക്ഷാ ഭീഷണികൾ എന്നിവയെ ചെറുക്കും.
ജി-20, ബ്രിക്‌സ്, എസ്.സി.ഒ തുടങ്ങിയ അന്താരാഷ്‌ട്ര വേദികളിലെ ആശയവിനിമയം തുടരും.