ഗാന്ധിജി ലോക സമാധാനത്തിന്റെ വക്താവ്: പുട്ടിൻ

Saturday 06 December 2025 12:44 AM IST

ന്യൂഡൽഹി: ആധുനിക ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളും മഹാനായ തത്ത്വചിന്തകനും മാനവികവാദിയുമായ മഹാത്മാഗാന്ധി ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ. ഇന്നലെ രാജ്ഘട്ടിലെ ഗാന്ധി സമാധി സന്ദർശിച്ച ശേഷം സന്ദർശക പുസ്തകത്തിലാണ് ഇക്കാര്യം കുറിച്ചത്.

സ്വാതന്ത്ര്യം, കാരുണ്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തം. ഇപ്പോൾ രൂപപ്പെടുന്ന പുതിയ ബഹുധ്രുവ ലോകക്രമത്തെ മഹാത്മാഗാന്ധി പ്രതീക്ഷിച്ചിരുന്നു. സമത്വം, പരസ്പര ബഹുമാനം, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ലോകത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനൊപ്പമാണ് പുട്ടിൻ രാജ്ഘട്ടിലെത്തിയത്. രാവിലെ രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ഭവനിൽ പുട്ടിനെ സ്വാഗതം ചെയ്തു. തുടർന്ന് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഡൽഹി ലെഫ്. ഗവർണർ വി.കെ സക്സേന, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ്, ക്രെംലിൻ സഹായി ദിമിത്രി പെസ്കോവ് എന്നിവരും പുട്ടിനൊപ്പമുണ്ടായിരുന്നു.