തിരുപരൻകുണ്ഡ്രം വിവാദം സുപ്രീംകോടതി പരിഗണിക്കും

Saturday 06 December 2025 1:27 AM IST

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപരൻകുണ്ഡ്രം മലയിൽ കാ‌ർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. തമിഴ്നാട് സർക്കാരിന്റെ അഭിഭാഷകൻ ഇന്നലെ വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ ഉന്നയിച്ചു. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഉചിതമായ ബെഞ്ചിൽ ലിസ്റ്റു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. തിരുപരൻകുണ്ഡ്രം മലയിലെ ദർഗയ്‌ക്ക് സമീപത്തെ തൂണിൽ കാർത്തിക വിളക്ക് തെളിക്കാനാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് അനുമതി നൽകിയത്. ഉച്ചിപിള്ളയാർ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തിൽ കാർത്തിക ദീപം തെളിക്കുന്നതാണ് നൂറ്റാണ്ടുകളായുള്ള ആചാരം. എന്നാൽ, തിരുപരൻകുണ്ഡ്രം മലയുടെ മുകളിൽ തന്നെ ദീപം തെളിക്കണമെന്നാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. അനുകൂല ഉത്തരവ് കോടതി നൽകിയെങ്കിലും നടപ്പായില്ല. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ ഡിസംബ‌ർ 12ലേക്ക് ഡിവിഷൻ ബെഞ്ച് മാറ്റി.