കാപ്പ ചുമത്തി വധശ്രമക്കേസ് പ്രതിയെ ജയിലിലടച്ചു

Saturday 06 December 2025 4:37 AM IST

അങ്കമാലി: വധശ്രമക്കേസ് പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. കറുകുറ്റി തോട്ടകം അമ്പാടൻവീട്ടിൽ ജോജോയെയാണ് (28) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. അങ്കമാലി, കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.

കഴിഞ്ഞ ആഗസ്റ്റ് അവസാനം കറുകുറ്റി പന്തയ്ക്കൽ ഭാഗത്തെ വീടിന്റെ ടെറസിൽ രാത്രി ഇയാളും സംഘവും അതിക്രമിച്ച് കയറി 26,000 രൂപ വിലവരുന്ന ജാതിപത്രി മോഷ്ടിച്ചതിന് അങ്കമാലി പൊലീസും അന്നേദിവസം പുലർച്ചെ കൊരട്ടി തിരുമുടിക്കുന്ന് ഭാഗത്ത് ഒരു വീടിന് സമീപത്തെ ഷെഡിൽനിന്ന് 33 കിലോഗ്രാം ജാതിക്കായ മോഷ്ടിച്ചതിന് കൊരട്ടി പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

അങ്കമാലി പൊലീസ് ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ.എ. പോളച്ചൻ, ജിഷ്ണുരാജ്, അജിത്കുമാർ, എ.എസ്.ഐ സജീഷ്, സി.പി.ഒമാരായ സനീഷ് തങ്കപ്പൻ, ടി.സി. വിനോജ് എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റുചെയ്തത്.