ഒരുകോടിയുടെ സൈബർ തട്ടിപ്പ്: പ്രതിയെ അഹമ്മദാബാദിൽ നിന്ന് പിടികൂടി
തിരുവനന്തപുരം: ഷെയർട്രേഡിംഗിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയായ ഡോക്ടറിൽ നിന്ന്, 1.11കോടി രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശിയെ പിടികൂടി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അഹമ്മദാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
അഹമ്മദാബാദ് ബാപ്പുനഗർ സ്വദേശിയായ പർമാർ പ്രതീക് ബിപിൻഭായ് (25) എന്നയാളാണ് അറസ്റ്റിലായത്. തട്ടിയെടുക്കുന്ന പണം ക്രിപ്റ്റോ കറൻസിയായും മറ്റ് വാലെറ്റുകളിലേക്കും ട്രാൻസ്ഫർ ചെയ്യുന്നതും,വിദേശത്ത് കടത്തുന്നതുമാണ് പ്രതിയുടെ രീതി.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ മൊബൈൽ അപ്ലിക്കേഷൻ,വാട്സാപ്പ്,ടെലിഗ്രാം എന്നിവ ഉപയോഗിച്ച് പരാതിക്കാരനുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ബാങ്കിടപാടുകൾ പരിശോധിച്ചപ്പോൾ പരാതിക്കാരനിൽ നിന്ന് തട്ടിയ 1.11കോടി പോയിട്ടുള്ളത് പ്രതിയുടെ അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. തുടർന്ന് അഹമ്മദാബാദ്,ഗുജറാത്ത് സമീപപ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് അഹമ്മദാബാദിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നിർദ്ദേശത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ഫറാഷ്.ടിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ പ്രകാശ്.കെ.എസ്,ഇൻസ്പെക്ടർ ഷമീർ.എം.കെ,സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽ കുമാർ,സിവിൽ പൊലീസ് ഓഫീസർ വിപിൻ,ടെക്നിക്കൽ സഹായത്തിനായി അഭിജിത്ത്,ബാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ പ്രതിയാണ് അറസ്റ്റിലായത്.