30 വർഷമായി പിരിഞ്ഞുതാമസിക്കുന്നോ ? ഇതാ പിടിച്ചോ വിവാഹമോചനം

Saturday 06 December 2025 1:45 AM IST

ന്യൂഡൽഹി: 30 വർഷമായി പിരിഞ്ഞുതാമസിക്കുകയാണ് ഉത്തർപ്രദേശ് ബദായൂമിലെ ദമ്പതികൾ. ഭർത്താവിന് വിവാഹമോചനം വേണം. ഒത്തുപോകൽ അസാദ്ധ്യം. വർഷങ്ങളായി കോടതി കയറിനടക്കുന്നു. എന്നാൽ ഭാര്യ മൗനത്തിലാണ്. അലഹബാദ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തന്റെ ഭാഗം പറയാനെത്തിയില്ല. ഒടുവിൽ സുപ്രീംകോടതി തങ്ങളുടെ അധികാരമങ്ങ് പ്രയോഗിച്ചു. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിച്ച് വിവാഹമോചന ഉത്തരവിറക്കി. ഭർത്താവിന്റെ ഹർജിക്കെതിരെ നിശബ്‌ദത തുടരുന്ന ഭാര്യയുടെ നടപടി, ബന്ധം പുനഃസ്ഥാപിക്കാൻ താത്പര്യമില്ലാത്തതിന്റെ സൂചനയാണെന്ന് കോടതി നിലപാടെടുത്തു. ജീവനാംശം ആവശ്യമുണ്ടെങ്കിൽ ഭാര്യയ്‌ക്ക് ആറുമാസത്തിനകം സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. 1980ലായിരുന്നു ദമ്പതികളുടെ വിവാഹം. 1995 മുതൽ പ്രത്യേകം താമസിക്കുന്നു. വിവാഹമോചനഹർജി കീഴ്ക്കോടതികൾ തള്ളിയതിനെ തുടർന്നാണ് ഭർത്താവ് പരമോന്നത കോടതിയെ സമീപിച്ചത്. ഭാര്യയുടെ ഭാഗത്തുനിന്ന് ക്രൂരതകളുണ്ടായെന്ന് തെളിയിക്കാൻ ഭർത്താവിന് സാധിച്ചില്ലെന്നാണ് കീഴക്കോടതികൾ നിലപാടെടുത്തത്.