 ഇൻഡിഗോ വിമാനം റദ്ദാക്കി വെർച്വലായി വിവാഹ സത്കാരം റിസപ്ഷൻ ദമ്പതികൾ

Saturday 06 December 2025 1:45 AM IST

ബംഗളൂരു: നൂറുകണക്കിന് ഇൻഡിഗോ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തതോടെ ആയിരങ്ങളാണ് വലഞ്ഞത്. വിവാഹം,​ ജോലി തുടങ്ങിയ ആവശ്യങ്ങൾക്കായി പുറപ്പെടാനിരുന്നവരൊക്കെ പലയിടത്തായി കുടുങ്ങി. വിമാനം റദ്ദാക്കിയതോടെ വിവാഹ റിസപ്ഷൻ മുടങ്ങാതിരിക്കാൻ

വെർച്വലായി പരിപാടി നടത്തിയിരിക്കുകയാണ് ടെക്കി ദമ്പതികൾ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനിയർമാരായ ഹുബ്ബള്ളിയിലെ മേധ ക്ഷീർസാഗറിന്റെയും ഒഡിഷ ഭുവനേശ്വറിലെ സംഗമ ദാസിന്റെയും വിവാഹ റിസപ്ഷൻ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിലാണ് തീരുമാനിച്ചത്. നവംബർ 23ന് ഭുവനേശ്വറിൽവച്ചാണ് ദമ്പതികൾ വിവാഹിതരായത്. ബുധനാഴ്ച വധുവിന്റെ ജന്മനാട്ടിൽ റിസപ്ഷൻ സംഘടിപ്പിച്ചു.

ഡിസംബർ രണ്ടിന് ഭുവനേശ്വറിൽനിന്ന് ബംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വധൂവരന്മാർ, ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ പിറ്റേന്ന് പുലർച്ചെ വരെ വിമാനത്താവളത്തിൽ കുടുങ്ങി. മൂന്നിന് വിമാനം റദ്ദാക്കി. ഭുവനേശ്വർ- മുംബയ്- ഹുബ്ബള്ളി വഴി യാത്ര ചെയ്യേണ്ട നിരവധി ബന്ധുക്കൾക്കും പ്രയാസം നേരിട്ടു. ചടങ്ങ് നടക്കേണ്ട സ്ഥലത്ത് അതിഥികളും തയാറെടുപ്പുകളും പൂർത്തിയായതിനാൽ വധുവിന്റെ മാതാപിതാക്കൾ ആചാരങ്ങൾ നിർവഹിക്കുകയായിരുന്നു. ഭുവനേശ്വറിലെ ചടങ്ങിനായി വിവാഹ വസ്ത്രം ധരിച്ച വധൂവരന്മാർ വീഡിയോ കോൺഫറൻസിംഗിലൂടെ റിസപ്ഷനിൽ പങ്കെടുത്തു.