ഇന്ത്യയും റഷ്യയും ഒന്നിച്ച് മുന്നോട്ട്

Saturday 06 December 2025 7:21 AM IST

ഇന്ത്യയുമായി അടുത്ത സഹകരണവും സൗഹൃദവും പുലർത്തിയ രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ. പാശ്ചാത്യ രാജ്യങ്ങൾ പാകിസ്ഥാന് സൈനിക സഹായങ്ങളും പിന്തുണയും നൽകിയിരുന്ന കാലത്ത് ഇന്ത്യയ്ക്ക് കരുത്തായി നിന്നത് സോവിയറ്റ് യൂണിയനാണ്. പ്രതിരോധം മുതൽ ബഹിരാകാശം വരെ നീളുന്ന എല്ലാ മേഖലകളിലേക്കും ആ സൗഹൃദത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്.

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയും ഏകധ്രുവ ലോകത്തിന്റെ ആവിർഭാവവും ഇന്ത്യയെ പ്രതിസന്ധിയിലാഴ്ത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം റഷ്യയുടെ ആദ്യ പ്രസിഡന്റായ ബോറിസ് യെൽറ്റ്‌സിൻ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും പരസ്പരം പിന്തുണയോടെ നീങ്ങേണ്ടത് അനിവാര്യമാണെന്ന് സാഹചര്യം തെളിയിച്ചു. ബോറിസിന്റെ നേതൃത്വത്തിൽ വിദേശ ബന്ധങ്ങൾ വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു റഷ്യ. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം അതിൽ സുപ്രധാന ചുവടുവയ്പ്പായി. ഇന്ത്യ-റഷ്യ ബന്ധത്തിലെ പുതുയുഗം അവിടെ തുടങ്ങി.

ബോറിസിന് ശേഷം 2000 മുതൽ റഷ്യയിൽ വ്ലാഡിമിർ പുട്ടിന്റെ യുഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും സ്ഥിരതയുള്ള ബന്ധമായി ഇന്ത്യ - റഷ്യ സഹകരണം ഇന്ന് വളർന്നിരിക്കുന്നു. യുക്രെയിൻ യുദ്ധത്തിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്കുമിടയിൽ പുട്ടിൻ നടത്തിയ ഇന്ത്യാ സന്ദർശനം ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഒന്നാണ്.ഇന്നലെ ഒപ്പുവച്ച കരാറുകളിലൂടെ അമേരിക്കക്ക് ശക്തമായ സന്ദേശം കൂടി ഇന്ത്യ നൽകിയിരിക്കുകയാണ്.ട്രംപ് കണ്ണുരുട്ടിയാൽ ഭയക്കുന്ന രാജ്യമല്ല ഇന്ത്യയെന്ന വ്യക്തമായ സന്ദേശം.റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ നടത്തിയ തീരുവ ഭീഷണികൾ നാം കണ്ടതാണ്. എന്നാൽ പുട്ടിന്റെ വരവോടെ ഇന്ത്യ ഒന്നിനും വഴങ്ങില്ലെന്ന് ട്രംപിനു ഇനി വ്യക്തമാകും. ഇന്ത്യയിലേക്ക് തടസമില്ലാതെ എണ്ണയെത്തുമെന്ന് പുട്ടിൻ പറയുകയും ചെയ്തു. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന റഷ്യയ്ക്ക് ഇന്ത്യയെ ഒപ്പം നിറുത്തേണ്ടത് അനിവാര്യമാണ്.

അതേ സമയം, പുട്ടിന്റെ സന്ദർശനം ഇന്ത്യ നേടിയ സുപ്രധാന നയതന്ത്ര വിജയങ്ങളിൽ ഒന്നാണ്. കാരണം, ഇത് രാജ്യത്തിന്റെ തന്ത്രപരമായ ദേശതാത്പര്യങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. ആഗോള ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടെയിൽ വ്യക്തമായ സാമ്പത്തിക, പ്രതിരോധ കരാറുകളിൽ എത്തിച്ചേരാനും കഴിഞ്ഞു.

യുക്രെയിൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള പുട്ടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. യുദ്ധം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തെ ബാധിച്ചിട്ടില്ലെന്ന വസ്തുത ലോകത്തിന് മുന്നിൽ ബലപ്പെടുത്തി. പങ്കാളിത്തം ഊട്ടിയുറപ്പിക്കുകയും ചെയ്തു. കൂടാതെ,​ ഒരു ബാഹ്യശക്തിക്കും ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ വ്യതിചലിപ്പിക്കാനാകില്ലെന്നും മനസിലാക്കിക്കൊടുത്തു.

ഇതിനിടെ, പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തെ ചൈനീസ് ദേശീയ മാദ്ധ്യമം ഗ്ലോബൽ ടൈംസ് പ്രശംസിക്കുകയും ചെയ്തു. ഒരു രാജ്യത്തെയും ഒറ്റപ്പെടുത്താനാവില്ലെന്ന വ്യക്തമായ സന്ദേശം ഇന്ത്യയും റഷ്യയും പുട്ടിന്റെ സന്ദർശനത്തിലൂടെ ലോകത്തിന് നൽകിയെന്ന് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.