സോൾസ്ബറി രാസായുധ ആക്രമണം : പുട്ടിനെതിരെ ബ്രിട്ടൻ

Saturday 06 December 2025 7:26 AM IST

ലണ്ടൻ: 2018ൽ ബ്രിട്ടനിലെ വിൽറ്റ്ഷെയറിലെ സോൾസ്ബറിയിലുണ്ടായ ' നോവിചോക് ' രാസായുധ ആക്രമണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരവ് പ്രകാരം ആയിരിക്കുമെന്ന് ആരോപണം. വ്യാഴാഴ്ച പൂർത്തിയായ യു.കെയുടെ പൊതു അന്വേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ബ്രിട്ടണിലേക്ക് അഭയംതേടിയ മുൻ റഷ്യൻ ഡബിൾ - ഏജന്റായിരുന്ന ( രണ്ട് രാജ്യങ്ങൾക്കുവേണ്ടി ഒരേ സമയം ചാരവൃത്തി ) സെർജി സ്ക്രിപലിനും മകൾ യൂലിയയ്ക്കും നേരെയാണ് നോവിചോക് ആക്രമണമുണ്ടായത്. ഇരുവരും രക്ഷപ്പെട്ടെങ്കിലും നോവിചോകുമായി സമ്പർക്കത്തിൽ വന്ന നിരപരാധിയായ ഒരു സ്ത്രീ മരിക്കാനിടയായി. റഷ്യയുടെ രഹസ്യങ്ങൾ വിറ്റതിന് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിലെ ടീമാണ് സെർജിയെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യു.കെ മുൻ സുപ്രീം കോടതി ജഡ്ജി ആന്റണി ഹ്യൂഗ്സ് പറഞ്ഞു. അതേ സമയം, ബ്രിട്ടന്റെ ആരോപണണങ്ങൾ റഷ്യ നേരത്തെ തള്ളിയിരുന്നു. പുതിയ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ലണ്ടനിലെ റഷ്യൻ എംബസി പ്രതികരിച്ചു. ജി.ആർ.യുവിനെതിരെ ബ്രിട്ടീഷ് സർക്കാർ ഉപരോധങ്ങൾ ഏർപ്പെടുത്തി.

 പെർഫ്യൂം ബോട്ടിലിലെ വിഷം

2018 മാർച്ച് 4 ന് മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപൽ ( 66 ), മകൾ യൂലിയ ( 33 ) എന്നിവരെ സോൾസ്ബറിയിലുള്ള ഒരു ബെഞ്ചിൽ അബോധാവസ്ഥയിൽ കണ്ടെത്തി. റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരിക്കെ MI6ന് ( ബ്രിട്ടീഷ് ചാരസംഘടന ) രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് റഷ്യൻ ഭരണകൂടം ഇദ്ദേഹത്തിന് ജയിൽശിക്ഷ വിധിച്ചിരുന്നു. എന്നാൽ, സെർജിയ്ക്ക് 2010ൽ ബ്രിട്ടൺ അഭയം നൽകുകയായിരുന്നു.

രാസായുധ പ്രയോഗമാണ് ഇരുവർക്കും നേരെ നടന്നതെന്ന് കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി സ്ക്രിപലിന്റെ വീട് പരിശോധിച്ച ഒരു പൊലീസുകാരനും വിഷബാധയേറ്റിരുന്നു. സ്ക്രിപലിന്റെ വീടിന്റെ മുൻവശത്തെ വാതിൽപ്പിടിയിൽ ദ്രവരൂപത്തിലുള്ള നോവിചോക് രാസായുധം കണ്ടെത്തിയിരുന്നു. ആക്രമണത്തിന് കാരണമായ നോവിചോക് റഷ്യയിൽ നിന്നാണെന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പിന്നാലെ, റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. റഷ്യയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ പുറത്താക്കി. സ്ക്രിപലും യൂലിയയും തലനാരിഴെ രക്ഷപ്പെട്ടു.

എന്നാൽ, സോൾസ്ബറിയിൽ നിന്ന് 8 മൈൽ അകലെ ഏംസ്ബെറിയിലെ ഒരു ഫ്ലാറ്റിൽ നോവിചോകുമായി എങ്ങനെയൊ സമ്പർക്കത്തിലെത്തിയ ഡോൺ സ്റ്റർഗെസ്, ചാർലി റോലി എന്നിവരെ അബോധാവസ്ഥയിൽ കണ്ടെത്തി. നോവിചോക് അടങ്ങിയ ഒരു പെർഫ്യൂം ബോട്ടിൽ ഒരു ചാരിറ്റി ഷോപ്പ് ബിന്നിൽ നിന്ന് ഇവർക്ക് ലഭിക്കുകയായിരുന്നു. ബോട്ടിൽ അക്രമികൾ ഉപേക്ഷിച്ചെന്നാണ് നിഗമനം. സ്റ്റർഗെസ് ദിവസങ്ങൾക്കുള്ളിൽ മരിച്ചു.

 റഷ്യയ്ക്കെതിരെ വീണ്ടും

അലക്സാണ്ടർ മിഷ്കിൻ, അനറ്റോളി ചെപിഗ എന്നിവരെ ബ്രിട്ടൻ പ്രതികളായി തിരിച്ചറിഞ്ഞു. അലക്സാണ്ടർ പെട്രോവ്, റസ്‌ലൻ ബോഷിറോവ് എന്നീ കള്ളപ്പേരുകളിൽ ബ്രിട്ടണിൽ കടന്നുകൂടിയ റഷ്യൻ ചാരന്മാർ ആയിരുന്നു ഇവർ.

ഇവർ സഞ്ചരിച്ച ഇടങ്ങളിൽ നോവിചോകിന്റെ സാന്നിദ്ധ്യം കണ്ടെത്തി. തങ്ങൾ ടൂറിസ്റ്റുകളായാണ് ഇംഗ്ലണ്ടിലെത്തിയതെന്നാണ് ഇരുവരും പറഞ്ഞത്. സെർജിയ്ക്ക് നേരെ ആക്രമണം നടത്തിയ ശേഷം അന്നേദിവസം തന്നെ രണ്ട് പ്രതികളും മോസ്കോയിലേക്ക് കടന്നു. റഷ്യൻ ഭരണകൂടത്തിന്റെ അറിവോടെയാണ് സംഭവമെന്ന ആരോപണങ്ങൾ നിഷേധിച്ച റഷ്യ പ്രതികളെ കൈമാറില്ലെന്ന് അറിയിച്ചു. ഇത് ബ്രിട്ടൺ - റഷ്യ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചു.

 നോവിചോക്

റഷ്യൻ ഭാഷയിൽ ' നോവിചോക് ' എന്നാൽ ' നവാഗതൻ ' എന്നാണ് അർത്ഥം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നെർവ് ഏജന്റുകളാണിവ. നെർവ് ഏജന്റുകളുടെ കൂട്ടത്തിൽ അതീവ അപകടകാരി. നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ടെന്നാണ് കരുതുന്നത്. മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ ഇവ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്ന് കഴിഞ്ഞാൽ ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പ്. ഖര രൂപത്തിലും ദ്രാവക രൂപത്തിലും നോവിചോക് ഏജന്റുകൾ കാണപ്പെടുന്നു. മനുഷ്യ ശരീരത്തിനുള്ളിലെത്തി 30 സെക്കന്റ് മുതൽ 2 മിനിറ്റുകൾക്കുള്ളിൽ തന്നെ ഇവ പ്രവർത്തിച്ചു തുടങ്ങും.