ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; കാറിലുണ്ടായിരുന്ന നാല് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം

Saturday 06 December 2025 8:27 AM IST

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് നാല് അയ്യപ്പഭക്തർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

കാർ ഡ്രൈവർ കീഴക്കര സ്വദേശി മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. ഇതിനിടെ രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്. അപകടത്തില്‍ ഏഴുപേർക്ക് ഗുരുതര പരിക്കേറ്റു.