അംബാനിക്കുപിന്നാലെ ഇഡി; 1,120 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ പിടിച്ചെടുത്തത് 10,117 കോടിയുടെ ആസ്തികൾ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇന്നലെ 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ സ്വത്തുകളുടെ മൂല്യം 10,117 കോടി രൂപയായി.17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻപ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് സ്വത്തുക്കൾ, റിലയൻസ് പവർ ലിമിറ്റഡിന്റെ രണ്ട് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒമ്പത് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങൾ എന്നിവയും റിലയൻസ് വെഞ്ച്വർ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആധാർ പ്രോപ്പർട്ടി കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ്, ഗമേസ ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഫൈ മാനേജ്‌മെന്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ നിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ അനിൽ അംബാനിയുടെ കീഴിലെ കമ്പനികൾ വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് 17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വായ്പകൾ അനുവദിക്കുന്നതിന് ബാങ്ക് പ്രമോട്ടർമാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഒക്ടോബറിൽ അനിൽ അംബാനിയുടെ എഡിഎ എന്ന കമ്പനിക്കെതിരെ ഇൻവസ്റ്റിഗേറ്റീവ് ന്യൂസ് പോർട്ടലായ കോബ്രാപോസ്റ്റ് അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2006 മുതൽ 28,874 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വിവിധ ഷെൽ കമ്പനികളിലേക്ക് മാറ്റിയ പണം അനിൽ അംബാനിയുടെ ആഡംബര ജീവിതത്തിന് വേണ്ടി ഉപയോഗിക്കുന്നതായി കണ്ടെത്തി. വിദേശത്തുനിന്ന് 13,048 കോടി രൂപയുടെ നിക്ഷേപം ലഭിച്ചെന്നും ക്രോബാപോസ്റ്റിലെ മാധ്യമപ്രവർത്തകർ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അനിൽ അംബാനി ഉപയോഗിക്കുന്ന ആഡംബര നൗകയെക്കുറിച്ചുള്ള വിവരങ്ങളും കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരുന്നു.