ഇൻഡിഗോ പ്രതിസന്ധി; പരിഹാരം കാണാൻ പുതിയ പ്രഖ്യാപനം നടത്തി റെയിൽവേ, പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ താറുമാറായതിനുപിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. 30 പ്രത്യേക ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും സർവീസുകൾ ഒരുക്കുക.
അതേസമയം, രാജ്യത്ത് ഇന്നും ആഭ്യന്തര - രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങി. ഇതുസംബന്ധിച്ച് ഇൻഡിഗോ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ആയിരക്കണക്കിന് യാത്രക്കാർ വലയുകയാണ്.
വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കും.
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് ഇൻഡിഗോ നിർദേശം നൽകി. www.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്.