ഖലീഫയിൽ പൃഥ്വിരാജിന്റെ മുത്തച്ഛനായി മോഹൻലാൽ, രണ്ടാംഭാഗത്തിൽ നായകനും , പ്രഖ്യാപിച്ച് സൂപ്പർതാരം
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തച്ഛൻ വേഷം ആണ്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. . ഇതിനൊപ്പം ഖലീഫയ്ക്ക് രണ്ടാംഭാഗമുണ്ടാകുമെന്നും അതിൽ നായകൻ മമ്പറയ്ക്കൽ അഹമ്മദ് അലിയായിരിക്കുമെന്ന സൂചനയും മോഹൻലാൽ നൽകുന്നുണ്ട്.
മമ്മൂട്ടിയേയും മോഹൻലാലിനേയും ഈ വേഷത്തിലേക്ക് പരിഗണിച്ചതാണ്. വൈശാഖിന്റെ ബ്ളോക് ബസ്റ്ററുകളായ പോക്കിരിരാജയിൽ മമ്മൂട്ടിയും പുലിമുരുകനിൽ മോഹൻലാലും ആയിരുന്നു നായകന്മാർ. ഓണം റിലീസാണ് ഖലീഫ. പൃഥ്വിരാജ് ആമിർ അലി എന്ന സ്വർണകച്ചവടക്കാരനായി എത്തുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ലണ്ടനിൽ പൂർത്തിയായി. 15 വർഷത്തിനുശേഷം വൈശാഖും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രം കൂടി ആണ് ഖലീഫ. മോൺസ്റ്ററിനുശേഷം മോഹൻലാൽ വീണ്ടും വൈശാഖ് സിനിമയുടെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജിനു എബ്രഹാം രചന നിർവഹിക്കുന്നു. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ജോമോൻ ടി ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ. യാനിക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി.