കഥകൾ വാഴുന്ന ലോകമന്ദിരം
കൊളോണിയൽ സംസ്‌കാരത്തിൽ നിന്ന് പുറത്തേക്ക്! ജനങ്ങൾക്കിടയിലേക്ക്....! സംസ്ഥാന ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പേര് 'രാജ് ഭവനി"ൽ നിന്ന് 'ലോക് ഭവനി"ലേക്കു മാറിയത് ജനാധിപത്യ മൂല്യങ്ങളുടെ സുപ്രധാന ചുവടുവയ്‌പായാണ് വിലയിരുത്തപ്പെടുന്നത്. രാജാവിന്റെ ഭവനം, സർക്കാർ ഭവനം എന്നൊക്കെയാണ് രാജ്ഭവൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ലോക് ഭവനാകട്ടെ, 'ജനങ്ങളുടെ ഭവനം" ആണ്!
ഇന്ത്യയിൽ ഏറെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളാണ് ലോക് ഭവനുകളായി മാറിയത്. ആഡംബരപൂർണമായ പാശ്ചാത്യ വാസ്‌തുവിദ്യകളും വിശാലമായ ചുറ്റുപാടും മനോഹരമായ പൂന്തോട്ടങ്ങളും പൈതൃകം വിളിച്ചോതുന്ന ഫർണിച്ചറുകളും വിലമതിക്കാനാകാത്ത ചരിത്ര ശേഷിപ്പുകളുമൊക്കെ ലോക് ഭവനുകളുടെ പ്രത്യേകതയാണ്. പാശ്ചാത്യ ശക്തികളുടെ അടിച്ചമർത്തലുകൾ മുതൽ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്കുള്ള ഇന്ത്യയുടെ ഉദയം വരെ ഒട്ടനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷികളാണ് ഈ കെട്ടിടങ്ങൾ.
ലോക് ഭവനുകളുടെ ചരിത്ര വേരുകൾ കൊളോണിയൽ കാലഘട്ടത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. ബ്രിട്ടീഷ് ഗവർണർ ജനറൽമാരുടെയും വൈസ്രോയിമാരുടെയും പ്രവിശ്യാ ഗവർണർമാരുടെയുമൊക്കെ ഔദ്യോഗിക വസതിയായിരുന്നു ലോക് ഭവനുകൾ, ആദ്യം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം സംസ്ഥാന ഗവർണർമാക്കുള്ള വസതികളായി അവ മാറി. രാജ്യം സ്വതന്ത്രമാകുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിക്കപ്പെട്ട ലോക് ഭവനുകൾ പോലുമുണ്ട്. പോർച്ചുഗീസ്, ബ്രിട്ടീഷ്, ഫ്രഞ്ച് കൊളോണിയൽ ശക്തികളുടെ വൈവിദ്ധ്യമാർന്ന വാസ്‌തുവിദ്യാ ശൈലികൾ ഈ കെട്ടിടങ്ങളിൽ ഇന്നും പ്രതിഫലിക്കുന്നു.
ഗോവ, കൊൽക്കത്ത, മുംബയ് ലോക് ഭവനുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം. പനാജിയിലാണ് ഗോവ ലോക് ഭവൻ സ്ഥിതി ചെയ്യുന്നത്. പാലസ് ഒഫ് ദ കേപ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ഫ്രാൻസിസ്‌കൻ സന്യാസിമാർക്കുള്ള ചാപ്പലും ആശ്രമവുമായി 1540-കളിലാണ് ഗോവ ലോക് ഭവന്റെ നിർമ്മാണം. തന്ത്രപ്രധാന പ്രദേശമായതിനാൽ കെട്ടിടം ക്രമേണ ഒരു കോട്ടയായി മാറുകയും, 1866-ൽ പോർച്ചുഗീസ് ഗവർണർ ജനറലിന്റെ വസതിയായി മാറുകയും ചെയ്തു. ഗോവയിലേത് ഏറ്റവും പഴക്കംചെന്ന ലോക് ഭവനായി കണക്കാക്കപ്പെടുന്നു.
1803-ലാണ് പ്രൗഢഗംഭീരമായ കൊൽക്കത്ത ലോക് ഭവന്റെ നിർമ്മാണം പൂർത്തിയായത്. ബ്രിട്ടീഷ് ഗവർണർ ജനറലായ മാർക്വിസ് വെല്ലസ്ലിക്കു വേണ്ടി ഒരു കൊട്ടാരം പോലെയാണ് അത് നിർമ്മിച്ചത്. കൊട്ടാരത്തിലിരുന്ന് ഇന്ത്യയെ ഭരിക്കണമെന്നായിരുന്നുവത്രേ വെല്ലസ്ലിയുടെ കാഴ്ചപ്പാട്. 1911-ൽ തലസ്ഥാനം ന്യൂഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിക്കും വരെ ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരക്കസേര ഇവിടെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എലവേറ്റർ ഇവിടെയാണ്. 1892-ൽ ഓട്ടിസ് കമ്പനി സ്ഥാപിച്ചത് ഈ എലവേറ്റർ ഇന്നും പ്രവർത്തനക്ഷമമാണ്! ഇന്ത്യയിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ ഏറ്റവും പഴക്കമുള്ള ഒദ്യോഗിക വസതിയും ഇതുതന്നെ.
അറബിക്കടൽ
സാക്ഷി
മലബാർ ഹിൽസിൽ, മൂന്നു വശങ്ങളും അറബിക്കടലാൽ ചുറ്റപ്പെട്ട അതിമനോഹരമായ ഇടമാണ് മുംബയ് ലോക് ഭവൻ (മഹാരാഷ്ട്ര). ഫ്രാൻസിൽ നിന്നുള്ള മനോഹരമായ പെയിന്റിംഗുകളും ഇരിപ്പിടങ്ങളും കാർപെറ്റുകളും ഇവിടെ കാണാം. ബോംബെ കാസിൽ, അപ്പോളോ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ബ്രിട്ടീഷ് കാലഘട്ടത്തിലെ ബോംബെ ഗവർണർമാരുടെ വസതി സ്ഥിതി ചെയ്തിരുന്നത്. 1885-ലാണ് മലബാർ ഹിൽസിൽ ഇന്ന് കാണുന്ന കെട്ടിടം ഉയർന്നത്.
ഉത്തരാഖണ്ഡിൽ രണ്ട് ഔദ്യോഗിക ലോക് ഭവനുകളുണ്ട്- ഒന്ന് ഡെറാഡൂണിലും മറ്റൊന്ന് നൈനിറ്റാളിലും. ഡെറാഡൂണിലേതാണ് പ്രധാനപ്പെട്ടത്. 1890-കളുടെ അവസാനം ഗോഥിക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട നൈനിറ്റാൾ ലോക് ഭവൻ നിലവിൽ ഗവർണറുടെ വേനൽക്കാല വസതിയായി ഉപയോഗിക്കുന്നു. 45 ഏക്കർ വിസ്തൃതിയിൽ ഒരു ഗോൾഫ് കോഴ്സും ഇവിടെയുണ്ട്. ഉത്തരാഖണ്ഡ് മാത്രമല്ല, മഹാരാഷ്ട്ര, ഹിമാചൽ, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളിലുമുണ്ട്, ഗവർണർക്ക് ഒന്നിലേറെ വസതികൾ.
ഗുവാഹത്തിയിലുള്ള അസാം ലോക് ഭവനിലെ മുറികൾക്ക് കാസിരംഗ, മാനസ് തുടങ്ങിയ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെയും പേരാണ് നൽകിയിട്ടുള്ളത്. ഭുവനേശ്വറിലെ ഒഡിഷ ലോക് ഭവന്റെ പരിസരത്താകട്ടെ, മാനുകൾക്കായി ഒരു പാർക്കുണ്ട്.
ബങ്കർ ഒളിപ്പിച്ച
ലോക് ഭവൻ
49 ഏക്കർ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന മുംബയ് ലോക് ഭവനിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ഭൂഗർഭ ബങ്കർ കണ്ടെത്തിയിരുന്നു. 2016-ൽ അന്നത്തെ ഗവർണറായ സി. വിദ്യാസാഗർ റാവു ആണ് ബംഗ്ലാവിന് അടിയിൽ മറഞ്ഞിരുന്ന ബങ്കർ കണ്ടെത്തിയത്. ഒന്നാം ലോക മഹായുദ്ധത്തിനു മുന്നേ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ബങ്കർ 15,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു.
13 മുറികളും കോട്ടയുടെ കവാടത്തെ അനുസ്മരിപ്പിക്കുംവിധം 20 അടി ഉയരമുള്ള ഒരു ഗേറ്റും ഇവിടെയുണ്ട്. ബ്രിട്ടീഷ് പട്ടാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റും ഇവിടെ രഹസ്യമായി സൂക്ഷിച്ചിരുന്നു. ലോക് ഭവനുള്ളിൽ ബങ്കറുണ്ടെന്ന കാര്യം പണ്ടത്തെ ആളുകൾക്ക് അറിയാമായിരുന്നെന്ന് അധികൃതർ പറയുന്നു. എന്നാൽ ചില മോഷണങ്ങളും കള്ളന്മാർ ഒളിവിൽ കഴിഞ്ഞതുമടക്കം അനിഷ്ട സംഭവങ്ങൾ ഉണ്ടായതോടെ 1970-കളിൽ ഇവിടം പൂർണമായും അടയ്ക്കുകയായിരുന്നെന്നും, ബങ്കറിനെക്കുറിച്ച് മനസിലാക്കിയ വിദ്യാസാഗർ റാവു അതിനെ വീണ്ടും ലോകത്തിനു മുന്നിലെത്തിച്ചെന്നും ഔദ്യോഗിക രേഖകൾ പറയുന്നു.
150 മീറ്റർ നീണ്ട, ഇരുണ്ട ബങ്കറിനുള്ളിൽ പ്രവേശിക്കാൻ ആരുമൊന്ന് പേടിക്കും! 2016-നു ശേഷം നിരവധി തവണ ഓഡിറ്റുകളും മറ്റും നടത്തുകയും ദുർബലമായ ഭാഗങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. ക്രമേണ ബങ്കറിനെ മ്യൂസിയമാക്കി മാറ്റി. 2019-ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദായിരുന്നു ബങ്കർ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2022-ൽ 'ക്രാന്തി ഗാഥ" എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു ഗാലറിയും ഇവിടെ തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗാലറി പൊതുജനങ്ങൾക്കായി തുറന്നത്.
നിഗൂഢമായ
ടണലുകൾ
ജാർഖണ്ഡ് ലോക് ഭവനു താഴെയും നിഗൂഢമായ ബ്രിട്ടീഷ് നിർമ്മിത ഭൂഗർഭ ടണലുകൾ ഉണ്ടെന്ന് കരുതുന്നു. ലോക് ഭവന്റെ താഴത്തെ നിലയിൽ നിലത്ത് പൂട്ടിയ നിലയിൽ രണ്ട് ട്രാപ് ഡോറുകളുണ്ട്. ഇവ ഭൂഗർഭ ടണലുകളിലേക്കുള്ള കവാടമാണെന്നാണ് കരുതപ്പെടുന്നത്. ലോക് ഭവനു പുറത്ത്, അജ്ഞാത കേന്ദ്രങ്ങളിലേക്കാണ് ഈ ടണലുകൾ എത്തുന്നതെന്നാണ് കഥ. ട്രാപ് ഡോറുകൾ തുറന്ന് പര്യവേക്ഷണം നടത്താത്തതിനാൽ ടണലുകൾ ഇന്നും നിഗൂഢമായിത്തന്നെ തുടരുന്നു.
തിരുവിതാംകൂറിന്റെ
അതിഥി മന്ദിരം
വിദേശത്തു നിന്ന് തിരുവിതാംകൂറിലെത്തുന്ന അതിഥികൾക്ക് താമസിക്കാൻ രാജകുടുംബം 1929-ൽ പണിതീർത്തതാണ് കേരള ലോക്ഭവന്റെ മന്ദിരം. ഒന്നാം ലോക മഹായുദ്ധകാലത്ത് ഈ മന്ദിരം തിരുവിതാംകൂർ സൈന്യത്തിന്റെ 'വാർ റൂം" ആയി പ്രവർത്തിച്ചു. സൈനിക മേധാവിയുടെ ഔദ്യോഗിക വസതിയുമായിരുന്നു,കുറേക്കാലം ഇവിടം. പിന്നീട് യുദ്ധം കഴിഞ്ഞ്, തിരുവിതാംകൂർ സർവകലാശാലയിൽ വിദേശങ്ങളിൽ നിന്ന് എത്തുന്ന വിസിറ്റിംഗ് ഫാക്കൽട്ടിക്ക് താമസത്തിനു നൽകി.
കേരള സംസ്ഥാന രൂപീകരണത്തോടെ, 1956 മുതൽ ഗവർണറുടെ വസതിയായി മാറി. അന്ന്, കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഒരു കെട്ടിടം മാത്രം! അതിൽത്തന്നെയാണ് അന്നും ഇന്നും ഗവർണറുടെയും കുടുംബത്തിന്റെയും താമസം. എതിർവശത്ത് പിന്നീട് പണിത കെട്ടിടം ഒരു കാർപോർച്ച്കൊണ്ട് ബന്ധിപ്പിച്ച്, പുതിയ കെട്ടിടം ഗവർണറുടെ അതിഥികളുടെ താമസത്തിന് ഉപയോഗിച്ചു വരുന്നു. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവർ തിരുവനന്തപുരത്ത് എത്തുമ്പോൾ ഇവിടെയാണ് തങ്ങുക.
വെള്ളയമ്പലം ജംഗ്ഷനു സമീപം കവടിയാറിൽ 12 ഏക്കർ വിസ്തൃതിയിലാണ് കേരള ലോക് ഭവൻ. ഒരു ചെറിയ കുന്നാണ് ഇവിടം. കേരളീയ മാതൃകയിലാണ് പഴയ കെട്ടിടം. ചുറ്റും പൂന്തോട്ടം. അതിനു നടുവിൽ ഇപ്പോൾ മുൻ രാഷ്‌ട്രപതി കെ. ആർ. നാരായണന്റെ അർധകായ പ്രതിമയുണ്ട്. ഒരു ഗ്രന്ഥശാലയും ലോക് ഭവനോടു ചേർന്നുണ്ട്. പുറമേ, ഓഫീസർമാരുടെയും ജീവനക്കാരുടെയും എഴുപതോളം വലുതും ചെറുതുമായ ക്വാർട്ടേഴ്‌സുകളും ഒരു ഡിസ്‌പെൻസറിയും. സമീപത്തുതന്നെ ലോക് ഭവനു വേണ്ടി മാത്രം ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നു.