ചരിത്രം പറയുന്ന ചിത്രജാലകം
ആദ‍്യകാല സിനിമാ സാങ്കേതിക വിദ‍്യയുടെ വളർച്ച കണ്ടറിയുവാൻ സിനിമാപ്രേമികൾ എത്തുന്ന ഒരിടമാണ്
തിരുവനന്തപുരത്ത്, തിരുവല്ലത്തെ ചിത്രാഞ്ജലി ഫിലിം മ‍്യൂസിയം. ഡിജിറ്റൽ സിനിമാ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്ന സാങ്കേതിക ഉപകരണങ്ങൾ സിനിമാ ചരിത്രം അറിയുവാനായി ഇന്നും ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനു കീഴിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഇന്ത‍്യയിലെ ആദ‍്യ ഫിലിം മ‍്യൂസിയം.
ആദ‍്യകാല സിനിമാ ചരിത്രം മുതൽ ഇപ്പോൾ വരെയുള്ള സാങ്കേതിക മാറ്റം മനസിലാക്കണമെങ്കിൽ ചിത്രാഞ്ജലി സിനിമാ മ‍്യൂസിയം തന്നെ കാണണം. ഫിലിമിൽ ഷൂട്ട് ചെയ്യുന്ന കാലത്തെ 8 എം.എം മുതൽ 70 എം.എം ഫിലിം ശേഖരങ്ങൾ വരെ മ‍്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഷൂട്ട് ചെയ്തു വരുന്ന ഫിലിം നെഗറ്റീവുകൾ ഫിലിം പ്രോസസിംഗ് മെഷീനിലാണ് ഡെവലപ്പ് ചെയ്തിരുന്നത്. ഫിലിം ലൈറ്റ് മെഷീനിൽ പ്രത്യേക രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നെഗറ്റീവ് ഡെവലപ്പ് ചെയ്യുന്നു. കെമിസ്റ്റുകൾ ഫിലിമിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഡെവലപ്പ് ചെയ്യുന്ന ഫിലിമുകൾ ദൃശ‍്യ വിസ്മയത്തോടെ പ്രോസസ് ചെയ്താണ് തിയേറ്റർ പ്രിന്റുകളാക്കുന്നത്. ഈ പ്രിന്റിൽ നിന്നാണ് പ്രോജക്ടറിലൂടെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചിരുന്നത്. ഈ സാങ്കേതിക ഉപകരണങ്ങൾ കാലഹരണപ്പെട്ടു പോകാതെ ചിത്രാഞ്ജലി ഫിലിം മ‍്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇൻഡോർ ഷൂട്ടിംഗിനു മാത്രം ഉപയോഗിച്ചിരുന്ന ആദ‍്യകാല ക‍്യാമറയാണ് മിച്ചൽ ക‍്യാമറ. ഡബിൾറോൾ, ഒരു ദൃശ‍്യത്തിനു മീതെ മറ്റൊരു ദൃശ‍്യം കാണിക്കുന്ന സൂപ്പർ ഇമ്പോസിംഗ് സാങ്കേതിക വിദ‍്യ, ഫെയ്ഡ് ഇൻ- ഫെയ്ഡ് ഔട്ട് എന്നിവ മിച്ചൽ ക‍്യാമറയിലാണ് ആദ‍്യകാലത്ത് ഷൂട്ട് ചെയ്തിരുന്നത്. വൈദ‍്യുതി ഉപയോഗിക്കാതെ, കൈകൊണ്ട് കീ കൊടുത്ത് പ്രവർത്തിക്കുന്ന ബോളക്സ് ക‍്യാമറ, ആരിഫ്ളക്സ് 16 എം.എം ക‍്യാമറ, സിനിമാ സ്കോപ്പ് ക‍്യാമറ, 35 എം.എം ക‍്യാമറ തുടങ്ങി ആദ‍്യകാല സിനിമാ ക‍്യാമറകളും ലെൻസുകളും ഫിൽറ്ററുകളും സിനിമാ മ‍്യൂസിയത്തിലെ ശേഖരത്തിലുണ്ട്. ഇന്ന് ഒരിടത്തും കാണാൻ കഴിയാത്ത, ഡബ്ബിംഗ് തിയറ്ററുകളിൽ ഉപയോഗിച്ചിരുന്ന ഫോർവേഡ് ആൻഡ് റിവേഴ്സ് പോകുന്ന 'റോക്ക് ആൻഡ് റോൾ" പ്രൊജക്ടർ ചിത്രാഞ്ജലിയിലെ ശേഖരത്തിലുണ്ട്.
സിനിമാ സ്റ്റുഡിയോകളിലെ ഏറ്റവും പഴക്കമേറിയ വേൾഡ് ബക്ക് സൗണ്ട് മിക്സിംഗ് കൺസോൾ, ഫിലിം എഡിറ്റിംഗിന് ഉപയോഗിച്ചിരുന്ന സ്റ്റീൻ ബക്ക് എഡിറ്റ് എക‍്യംപ്മെന്റ്, മൂവിയോള എന്നിവയും സിനിമാ ശേഖരത്തിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലൂടെ കടന്നുപോകുന്ന അപൂർവ ചിത്രശേഖരങ്ങളും, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച സിനിമകളുടെ അടയാളപ്പെടുത്തലുകളും മ‍്യൂസിയത്തിൽ കാണാം. 'ഈ കേരളത്തിൽ എങ്ങോട്ട് ക‍്യാമറ തിരിച്ചാലും അതിമനോഹര ദൃശ‍്യങ്ങൾ മാത്രമേയുള്ളൂ" എന്ന്, എക്കാലത്തേയും മികച്ച ചലച്ചിത്രകാരൻ ജോൺ എബ്രഹം പറഞ്ഞത് എത്രയോ ശരി എന്ന ഓർമ്മപ്പെടുത്തലുമായി ആദൃകാല സിനിമകളുടെ ഫോട്ടോ പ്രദർശനവും ചിത്രാഞ്ജലി ഫിലിം മ‍്യൂസിയത്തിൽ സന്ദർശകരെ സ്വീകരിക്കുന്നു.