പൊലീസിലും ഫയർഫോഴ്സിലും വ്യാജസന്ദേശം നൽകിയ യുവാവ് പിടിയിൽ
Wednesday 09 October 2019 12:03 AM IST
പാലോട്: പൊലീസ് സ്റ്റേഷനിൽ നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഫയർഫോഴ്സിലും പൊലീസിലും വിളിച്ച് ജുവലറി കത്തിയെന്നും കോളനികളിൽ തീപിടിത്തമുണ്ടായെന്നും അക്രമങ്ങൾ നടക്കുന്നെന്നും വ്യാജ സന്ദേശങ്ങൾ നൽകുകയും ചെയ്യുന്നയാളെ പാലോട് പൊലീസ് പിടികൂടി. പെരിങ്ങമ്മല കൊല്ലരുകോണം ഉഷ ഭവനിൽ ബൈജുവിനെയാണ് (39) മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഇടുക്കിയിലെ കാഞ്ഞാറിൽ നിന്നു പിടികൂടിയത്. ഇയാൾ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഫയർഫോഴ്സ് അധികൃതർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ സതീഷ് കുമാർ, സി.പി.ഒമാരായ ഷിബു റിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.