സ്നേഹം കണക്കില്ലാതെ കൊടുക്കുന്ന റോയ് തോമസ്
ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണന്ന് പറഞ്ഞും കണക്കിനപ്പുറം മറ്റൊന്നുമില്ലെന്ന് ആവർത്തിച്ചും ശിഷ്യന്മാരെ തല്ലിപ്പഠിപ്പിച്ചിരുന്ന സ്ഫടികം സിനിമയിലെ ചാക്കോമാഷിനെപ്പോലെയേയല്ല പ്രൊഫ. റോയ് തോമസ്. ഗുണിതത്തിനും ഹരണത്തിനും കൂട്ടലിനും കിഴിക്കലിനും സ്നേഹമെന്നർത്ഥം കൂടിയുണ്ടെന്ന് പ്രിയപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു അദ്ദേഹം. കണക്കില്ലാത്ത സ്നേഹം ചൊരിയുന്നതുകൊണ്ടാണ് നാലുപതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട കണക്കുമാഷായി നിൽക്കാൻ ഇപ്പോഴും അദ്ദേഹത്തിന് കഴിയുന്നത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ മാത്തമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. റോയി തോമസ് കടപ്ലാക്കൽ അടിമുടിയൊരു മാതൃകാ മനുഷ്യനാണ്. അദ്ധ്യാപനം മാത്രമല്ല എഴുത്തിലും മാനവ സേവനത്തിലും കൃഷിയിലും വ്യത്യസ്താശയങ്ങൾ നടപ്പാക്കുന്നു. അപ്രതീക്ഷിതമായാണ് അദ്ദേഹം കണക്ക് പഠിച്ച് തുടങ്ങിയത്. അത് ജീവിതം മാറ്റി മറിച്ചു. ഒപ്പം അന്നേ മനസിലുണ്ടായിരുന്ന ചരിത്രത്തോടുള്ള ഇഷ്ടം ഹോബിയാക്കി മാറ്റി. അങ്ങനെ ഒരേസമയം കണക്കദ്ധ്യാപകനും ചരിത്രാന്വേഷകനുമായി മാറി. ഒരുപാട് പേർക്ക് ജീവനും ജീവിതവുമായ മഹത്തായ സ്ഥാപനം. പ്രൊഫ.റോയി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഭാഗമായിട്ട് 43 വർഷമായി. ആദ്യകാല ശിഷ്യരും മക്കളേയും അവരുടേയും കൊച്ചുമക്കളേയും വരെ പഠിപ്പിക്കാനുള്ള അപൂർവ സൗഭാഗ്യം. മൂന്ന് തലമുറകളിലുള്ള ശിഷ്യ സമ്പത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ. അദ്ധ്യാപക വൃത്തിയുടെ ധന്യതയാണ് പ്രൊഫ. റോയി തോമസിന്റെ ജീവിതത്തിന്റെ വെളിച്ചം.
കൊതിച്ചു, അദ്ധ്യാപകനായി അദ്ധ്യാപകനായ പിതാവ് കെ.എസ്.തോമസ് കടപ്ലാക്കലാണ് റോയിയെ ഏറെ സ്വാധീനിച്ചത്. ചെറുപ്പത്തിലെ അദ്ധ്യാപനമെന്ന വഴി മനസിൽ കുറിച്ചിട്ടിരുന്നു. പഠിക്കാൻ മിടുമിടുക്കൻ. ഉന്നത മാർക്ക് നേടി പത്താം ക്ളാസ് ജയിച്ചു. എന്നാൽ ഹിസ്റ്ററി ഐച്ഛിക വിഷയമായെടുക്കാനായിരുന്നു ആഗ്രഹം. എന്നാൽ പ്രീഡിഗ്രിക്ക് അഡ്മിഷന് ചെന്നപ്പോൾ അരുവിത്തറ കോളേജ് പ്രിൻസിപ്പൽ പി.ജെ.ജോസഫ് പുല്ലാട്ടാണ് കണക്കിനോട് കൂട്ടുകൂടിയാൽ മതിയെന്ന് നിർദ്ദേശിച്ചത്. പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥി ഹിസ്റ്ററിയെടുത്തു പഠിക്കേണ്ടതില്ലെന്ന അദ്ധ്യാപകന്റെ ദീർഘവീക്ഷണം ജീവിതത്തിലും ഏറെ ഗുണം ചെയ്തു. അവിടെ നിന്നിങ്ങോട്ട് കണക്കിന്റെ ലോകം. ഡിഗ്രിക്കും പി.ജിയ്ക്കും മാത്തമാറ്റിക്സിനൊപ്പം. അരുവിത്തിറ സെന്റ്. ജോർജ് കോളേജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ റോയിയെ അദ്ധ്യാപകനാക്കാൻ വീട്ടുകാർക്കും സന്തോഷം. അങ്ങനെയാണ് സ്വയം തിരഞ്ഞെടുത്ത പാതയിലൂടെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഭാഗമായത്. കടപ്ളാക്കൽ കുടുംബം അദ്ധ്യാപക കുടുംബമെന്ന് പറയുന്നതാവും ഉചിതം. റോയി ഉൾപ്പെടെയുള്ള ഏഴ് മക്കളിൽ ആറ് പേരും അദ്ധ്യാപകർ. മരുമക്കളിൽ ഒരാൾ ഒഴികെ അദ്ധ്യാപകർ. മക്കളും, മരുമക്കളുമായി 12 അദ്ധ്യാപകർ എന്ന അപൂർവതയും കടപ്ളാക്കൽ കുടുംബത്തിന് സ്വന്തം.
ചരിത്രത്തെ മറന്നില്ല കണക്കിനെ കൂട്ടുകാരനാക്കിയപ്പോഴും ചരിത്രത്തോടുള്ള സ്നേഹം കുറിച്ചില്ല. റോയി സാറിന്റെ വീട്ടകങ്ങളിൽ പലചരിത്രങ്ങളും ഉറങ്ങുന്നുണ്ട്. കുടംബചരിത്രം അപ്പാടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. റോയിയുടെ സ്കൂൾ പുസ്തകങ്ങൾ ഇപ്പോഴും ഭദ്രമായി വീട്ടിലുണ്ട്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ ജോലിക്ക് ചേർന്നപ്പോൾ മുതലുള്ള കാര്യങ്ങൾ കൃത്യമായി രേഖപ്പടുത്തിയും വച്ചിരിക്കുന്നു. ബ്രില്യന്റ് സ്റ്റഡി സെന്ററിലെ ആദ്യ പ്രോസ്പകടസ്, ആപ്ളിക്കേഷൻ ഫോം, ആദ്യമായി ഫസ്റ്റ് റാങ്ക് കിട്ടിയ വിദ്യാർത്ഥിയുടെ ഫോട്ടോ അങ്ങനെ ചെറുതെന്ന് നമ്മൾ കരുതുന്നതെല്ലാം അത്രയും സൂക്ഷ്മതയോടെയും കാര്യക്ഷമതയോടെയും റോയി സൂക്ഷിച്ചുവയ്ക്കുന്നു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ മുഴുവൻ വളർച്ചയിലും റോയി തോമസ് ഭാഗമാണ്. ഓരോ പടവുകൾ കയറുമ്പോഴും അതിനൊപ്പം റോയി സാറുമുണ്ടായിരുന്നു. തുടക്കം മുതൽ ഇന്ന് വരെ ഒരേ സ്ഥാപനത്തിൽ പരിഭവങ്ങളൊന്നുമില്ലാതെ നിൽക്കാൻ കഴിയുന്നതും റോയി ഭാഗ്യമായാണ് കരുന്നത്. കഴിഞ്ഞ തവണ ഹോട്ടലിൽ വച്ച് ഒരുകുടംബം വന്ന് പരിചയപ്പെട്ടു. അമ്മയും മകളും കൊച്ചുമകളും. കണ്ടപ്പോൾ നല്ല പരിചയം. മൂന്ന് പേരും തന്റെ ശിഷ്യരെന്നറിഞ്ഞപ്പോൾ റോയിക്കുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു.
നന്മ വഴിയിൽ ചാരിറ്റബിൾ ട്രസ്റ്റ് പിതാവായ കെ.എസ്.തോമസ് കടപ്ലാക്കലിന്റെ പേരിൽ ചാരിറ്റി സംഘടന രൂപീകരിക്കുമ്പോൾ പാവങ്ങൾക്ക് കൈത്താങ്ങാകുയെന്നതായിരുന്നു ലക്ഷ്യം. പിതാവിന്റെ നിര്യാണത്തോടെയാണ് രണ്ട് പതിറ്റാണ്ട് മുൻപ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. സാധനങ്ങളായും വിദ്യാഭ്യാസ ധനസഹായമായും തന്നാലാവും വിധം പാവങ്ങളെ ചേർത്തുപിടിച്ചു. ഓണത്തിന് നൂറ് പേർക്കാണ് കിറ്റ് കൊടുക്കുന്നത്. മേലുകാവ് പഞ്ചായത്താണ് അർഹരെ തിരഞ്ഞെടുത്തത്. ലയൺസ് ക്ലബുമായി ചേർന്നുള്ള വിദ്യാഭ്യാസ സഹായവും ചികിത്സാ സഹായവും പ്രതിമാസം നിശ്ചിത തുക കിടപ്പുരോഗികൾക്കും നൽകുന്നുണ്ട്. അമ്മ മേരി തോമസിൽ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചത്. ഒടുവിൽ റോയിയും നാടൻ കർഷകനായി. വീട്ടുമുറ്റത്തും പറമ്പിലും ചക്കയും മാങ്ങയും ചേമ്പും ചേനയും പയറും മത്തനുമൊക്കെ നിറഞ്ഞു നിൽക്കുന്നു.
മാതാപിതാക്കൾക്കായി പുസ്തകം അദ്ധ്യാപനം കഴിഞ്ഞാൽ കൃഷിയും എഴുത്തും വായനയും ഇഷ്ടപ്പെടുന്ന റോയി തന്റെ മാതാപിതാക്കളുടെ ഓർമ്മകൾ കൂട്ടിവച്ച് 'സഫലമീയാത്ര' യെന്ന പേരിൽ പുസ്തകവും എഴുതി. ഭാര്യ: ടെസി (റിട്ട. ടീച്ചർ, പാലാ വെള്ളരിങ്ങാട്ട് കുടുംബാംഗം). മൂത്തമകൾ: ഐശ്വര്യ. ഭർത്താവ്: കെവിൻ (കാഞ്ഞിരപ്പള്ളി മടുക്കുകുഴിയിൽ കുടുംബാംഗം). ഇളയ മകൾ: അമൃത.