ഇലക്ട്രിക് ലൈനിന് മുകളിൽ മാവിൻ ശിഖരങ്ങൾ
Sunday 07 December 2025 1:01 AM IST
ചിറയിൻകീഴ്: ചിറയിൻകീഴ് വലിയകട - ശാർക്കര റോഡിൽ ലൈൻ കമ്പിക്ക് മുകളിലൂടെ ചാഞ്ഞിറങ്ങിയ മാവിൻ ശിഖരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. താലൂക്കിലെ പ്രധാന റോഡായതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. വലിയകട ജംഗ്ഷന് സമീപം കെ.എസ്.എഫ്.ഇക്ക് എതിർ വശത്താണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാവ് റോഡിലേക്ക് ചാഞ്ഞിറങ്ങി നിൽക്കുന്നത്. അപകട ഭീക്ഷണി ഉയർത്തിയ ഏതാനം ശിഖരങ്ങൾ കെ.എസ്.ഇ.ബി മുറിച്ചെങ്കിലും ചില ശിഖരങ്ങൾ ലൈൻ കമ്പിക്ക് മുകളിൽത്തന്നെയുണ്ട്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ശിഖരങ്ങൾ ഒടിയാൻ ഇടയുണ്ട്. ഈ അപകട സാദ്ധ്യത മുന്നിൽക്കണ്ട് വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.