അപകടം പതിവായി കാഞ്ഞിരംകുളം തടത്തിക്കുളം ജംഗ്ഷൻ

Sunday 07 December 2025 3:44 AM IST

പൂവാർ: കോവളം കാരോട് ബൈപ്പാസ് റോഡിൽ കാഞ്ഞിരംകുളം നടത്തിക്കുളം ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നതോടെ തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വാഹനങ്ങളുടെ വൻ തിരക്കാണ്.

പൂവാർ ഡിപ്പോയിൽ നിന്ന് ബാലരാമപുരം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾ തടത്തികുളം വഴിയാണ് പോകുന്നത്.കൂടാതെ നെയ്യാറ്റിൻകര,കാട്ടാക്കട,വിഴിഞ്ഞം,പാപ്പനംകോട്,സിറ്റി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ബസുകളും തടത്തിക്കുളം ജംഗ്ഷൻ വഴി കടന്നുപോകാറുണ്ട്. ബൈപ്പാസ് റോഡിൽ കോവളം കഴിഞ്ഞാൽ കാരോടിന് മുൻപ് ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് തടത്തിക്കുളം. എന്നാൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റും സിഗ്നൽ ലൈറ്റും സ്ഥാപിക്കാത്തതാണ് തടത്തിക്കുളം ജംഗ്ഷനിൽ അപകടം പതിവാക്കുന്നത്.

നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.കോവളം മുതൽ കാരോട് വരെയുള്ള 16.2 കിലോമീറ്റർ ദൂരം കോൺക്രീറ്റ് റോഡാണ്. അപകടത്തിൽപ്പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.

അധികാരികൾ കൈയൊഴിയുമ്പോൾ

16 കിലോമീറ്റർ മാത്രം ദൂരമുള്ള ബൈപ്പാസ് റോഡ് ജംഗ്ഷനുകളും അപകടക്കെണിയായിട്ടും ബൈപ്പാസ് അതോറിട്ടിക്കോ, നിർമ്മാണച്ചുമതല ഏറ്റെടുത്ത എൽ.എൻ.ടി കമ്പനിക്കോ കുലുക്കമില്ല. പൂർണമായും കോൺക്രീറ്റ് റോഡായതിനാൽ നിർമ്മാണത്തിലെ അപാകതയും പൂർത്തീകരിക്കാത്ത സിഗ്നൽ സംവിധാനങ്ങളും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു.

പാഴാകുന്ന പ്രഖ്യാപനങ്ങൾ

തിരുപുറം പുറുത്തിവിളയിലും കാഞ്ഞിരംകുളം തടത്തിക്കുളത്തും മേജർ സിഗ്നൽ ജംഗ്ഷനുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി. നാഷണൽ ഹൈവേ അതോറിട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ് രണ്ട് സിഗ്നൽ ജംഗ്ഷനുകളും. വിവിധ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തിയിട്ടും പരിഹാരം കാണാൻ നാളിതുവരെ നാഷണൽ ഹൈവേ അതോറിട്ടി തയാറായിട്ടില്ല.

ദിശ തെറ്റിക്കുന്ന ദിശാബോർഡുകൾ

ദൂരസ്ഥലങ്ങളിൽ നിന്ന് ഇതുവഴി കടന്നുപോകുന്നവരെ സഹായിക്കാൻ സ്ഥാപിച്ച ദിശാ സൂചനാബോർഡുകൾ പലതും തെറ്റാണ്.ബോർഡ് നോക്കി പോകുന്നവർ ദിശതെറ്റിയ ശേഷമാണ് ശരിയായ സ്ഥലം കണ്ടെത്തുന്നത്.ജനങ്ങളെ വട്ടം ചുറ്റിക്കുന്ന ബോർഡുകളിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.