കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്: വി.ഡി. സതീശൻ

Sunday 07 December 2025 1:44 AM IST

നെയ്യാറ്റിൻകര : കമിഴ്ന്നുവീണാൽ കാൽപ്പണം കട്ട്കൊണ്ട് പോകുന്ന കൊള്ളക്കാരാണ് കേരളം ഭരിക്കുന്നത്. സാധാരണക്കാർ ആഗ്രഹിക്കുന്നത് ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയമാണ്. രണ്ട് കോടി രൂപയുടെ മാനനഷ്ട നോട്ടീസ് ആണ് കടകംപള്ളി സുരേന്ദ്രൻ എനിക്ക് ആദ്യം അയച്ചത്. കേസ് കൊടുത്തപ്പോൾ അത് പത്ത് ലക്ഷമായി കുറച്ചത് എന്തിനെന്ന് കടകംപള്ളി പറയണം. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടായിരുന്നു എന്നതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. കടകംപള്ളി സുരേന്ദ്രൻ നൽകിയ കേസ് കോടതിയിൽ നടത്താൻ അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറ‌‌‌ഞ്ഞു.

യു.ഡി.എഫ് നെയ്യാറ്റിൻകര നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ എസ്.കെ. അശോക് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, നേതാക്കളായ ഡോ. ആർ. വത്സലൻ, അയിര സുരേന്ദ്രൻ, വി.എസ്.ഹരീന്ദ്രനാഥ്, എം. മുഹിനുദീൻ, കെ.വിനോദ് സെൻ, എം.ആർ. സൈമൺ, ആർ.ഒ. അരുൺ, വട്ടവിള വിജയൻ ആർ.സുമകുമാരി, നിനോ അലക്സ്, എം. സി. സെൽവരാജ്, വി. ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എസ്.ജെ. അനീഷ്, അഹമ്മദ് ഖാൻ, വി.എസ്. സന്തോഷ് കുമാർ, ഇരുമ്പിൽ മണിയൻ, കെ. രാധാകൃഷ്ണൻ നായർ, നെല്ലിമൂട് റസൽ, അമരവിള സുദേവകുമാർ, കെ.ആർ. മാധവൻ കുട്ടി, തിരുപുറം രവി, ശശാങ്കൻ എന്നിവർ സ്ഥാനാർത്ഥി സംഗമത്തിന് നേതൃത്വം നൽകി.