14വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൺമണി പിറന്നു
നേട്ടം എസ്.എ.ടി ആശുപത്രിക്ക്
തിരുവനന്തപുരം: 14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു.മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിലെ ചികിത്സയുടെ ഫലമായാണ് കുഞ്ഞ് പിറന്നത്.
നെയ്യാറ്റിൻകര സ്വദേശിയായ 36കാരിയാണ് അമ്മയായത്.സന്തോഷം മന്ത്രി വീണാ ജോർജിനെ കത്തിലൂടെ അറിയിച്ച് ഭർത്താവ് ഡോ.സുമൻ.വിവിധ സ്വകാര്യാശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം ആറ് വർഷം മുൻപാണ് ദമ്പതികൾ എസ്.എ.ടിയിലെത്തിയത്.ഈ വർഷം തുടക്കത്തിൽ നടത്തിയ ഐ.വി.എഫ് എബ്രയോ ട്രാൻസ്‌ഫർ ചികിത്സയിൽ ഗർഭധാരണം നടന്നു.സെപ്തംബർ 26ന് പെൺകുഞ്ഞിന് ജന്മം നൽകി.
വകുപ്പ് മേധാവി ഡോ.അനിത.എം,ഡോ.റെജി മോഹൻ എന്നിവർക്ക് ദമ്പതികൾ നന്ദിയറിയിച്ചു. അത്യാധുനിക ഐ.വി.എഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് എസ്.എ.ടി സമ്മാനിച്ചത്.
ഹോർമോൺ ചികിത്സ,സർജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐ.വി.എഫ്, ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജക്ഷൻ തുടങ്ങി വൻകിട കോർപറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്ന്.50 ശതമാനം വരെ വിജയ ശതമാനം ഉയർത്താൻ എസ്.എ.ടി ആശുപത്രിക്ക് സാധിച്ചെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.തിങ്കൾ മുതൽ ശനി വരെയാണ് ഒ.പി.ദമ്പതികൾ ഒരുമിച്ചാണ് ചികിത്സയ്ക്ക് എത്തേണ്ടത്.