കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിൽ യുവാവിന്റെ മൃതദേഹം, കൊലപാതകമെന്ന് സംശയം
കൊച്ചി: അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കൊച്ചി കലാഭവൻ റോഡിലെ ക്വാർട്ടേഴ്സിലാണ് കോട്ടയം കാഞ്ഞിരപ്പള്ളി മുളംകുളം സ്വദേശി അഭിജിത്തിന്റെ (21) മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ നിലയിലാണ് അഭിജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്. യുവാവിന്റേത് കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലിസി ആശുപത്രിക്ക് പിൻഭാഗത്ത് കലാഭവൻ റോഡിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന പഴയ ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് മൃതദേഹം കിടന്നത്. എറണാകുളം രൂപതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മുമ്പ് ലിസി ആശുപത്രി ജീവനക്കാരായിരുന്നു താമസം. കാലപ്പഴക്കത്തെ തുടർന്ന് കുറച്ചു നാളായി താമസക്കാരില്ലാതെ കാടുമൂടി കിടക്കുകയാണ്. വീടിന്റെ ജനാലകളും വാതിലുകളും തുറന്നാണ് കിടന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടിടത്തിൽ വൈദ്യുത ജോലിക്കെത്തിയ ആശുപത്രിയിലെ ഇലക്ട്രീഷ്യൻ ബിനോയ് തോമസാണ് മൃതദേഹം കാണുന്നതും അധികൃതരെ അറിയിക്കുന്നതും. വീടിന്റെ വടക്ക് ഭാഗത്തെ മുറിയുടെ വാതിലിനോട് ചേർന്ന് കമഴ്ന്നാണ് കിടന്നത്. മുറിയിൽ രക്തം തളം കെട്ടിയിരുന്നു. പാന്റ്സും ഷർട്ടുമാണ് വേഷം. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ദേഹത്തുണ്ടായിരുന്നു തിരിച്ചറിയിൽ കാർഡിൽ നിന്നാണ് കാഞ്ഞിരപ്പള്ളിയിലെ മേൽവിലാസം കിട്ടിയത്. വീട്ടുകാർ നാളെ എറണാകുളത്ത് എത്തും.
മൃതദേഹം കിടന്നതിന് സമീപം കല്ലും പലകയും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പു പോയ അഭിജിത്ത് എവിടെയാണെന്ന് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന പ്രകൃതക്കാരനാണ്. അഞ്ച് മാസം മുമ്പ് കാണാതായപ്പോൾ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടിരുന്നു. വീണ്ടും ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.