നടി റിനിക്ക് വധഭീഷണി: പൊലീസ് കേസെടുത്തു
പറവൂർ: നടി റിനി ആൻ ജോർജിന് വധഭീഷണി. വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ വീട്ടിലെത്തിയ അജ്ഞാതൻ കുടുംബത്തെയടക്കം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇയാൾ രണ്ട് പ്രാവശ്യം ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുകയും രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. റിനിയുടെ പിതാവ് ജോർജ് ജോസഫിന്റെ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാത്രി 9.30ഓടെയാണ് റിനിയുടെ പറവൂരിലുള്ള വീടിന് മുന്നിൽ ഒരാൾ സ്‌കൂട്ടറിലെത്തിയത്. 10ഓടെ ഇയാൾ ഗേറ്റ് തുറന്ന് അകത്തേക്ക് വരാൻ ശ്രമിച്ചതിന് പിന്നാലെ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ഗേറ്റിനടുത്തേക്ക് ചെന്നപ്പോൾ സ്കൂട്ടറിൽ ഇയാൾ രക്ഷപ്പെട്ടു. അതേസമയം,ഇയാളുടെ കൂടെ മറ്റാരെങ്കിലും ഉള്ളതായി അറിയില്ലെന്നും ജീവന് ഭീഷണിയുണ്ടായതിനാലാണ് പരാതി നൽകിയതെന്നും ജോർജ് പറഞ്ഞു. സംഭവത്തിൽ സമീപത്തെ സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെന്ന് പൊലീസ് അറിയിച്ചു. രാഹുലിനെതിരെ ആദ്യ വെളിപ്പെടുത്തലുകൾ നടത്തിയത് റിനിയായിരുന്നു.