എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

Sunday 07 December 2025 12:43 AM IST

കൊച്ചി: എറണാകുളം നഗരത്തിൽ ആൾപാർപ്പില്ലാതെ പൂട്ടിക്കിടന്ന കെട്ടിടത്തിൽ യുവാവിനെ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കൊലപാതകമാണെന്ന സൂചനയിൽ പൊലീസ് അന്വേഷണം തുടങ്ങി.

കോട്ടയം കാഞ്ഞിരപ്പള്ളി മുളംകുളം സ്വദേശി അഭിജിത്ത് വിനീഷാണ് (21) മരിച്ചത്. ലിസി ആശുപത്രിക്ക് പിൻഭാഗത്ത് കലാഭവൻ റോഡിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന പഴയ കെട്ടിടത്തിലാണ് മൃതദേഹം കിടന്നത്. എറണാകുളം രൂപതയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മുമ്പ് ലിസി ആശുപത്രി ജീവനക്കാരായിരുന്നു താമസം. കാലപ്പഴക്കത്തെ തുട‌‌ർന്ന് കുറച്ചു നാളായി താമസക്കാരില്ലാതെ കാടുമൂടി കിടക്കുകയാണ്. വീടിന്റെ ജനാലകളും വാതിലുകളും തുറന്നാണ് കിടന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കെട്ടിടത്തിൽ വൈദ്യുത ജോലിക്കെത്തിയ ആശുപത്രിയിലെ ഇലക്ട്രീഷ്യൻ ബിനോയ് തോമസാണ് മൃതദേഹം കാണുന്നതും അധികൃതരെ അറിയിക്കുന്നതും. വീടിന്റെ വടക്ക് ഭാഗത്തെ മുറിയുടെ വാതിലിനോട് ചേർന്ന് കമഴ്ന്നാണ് കിടന്നത്. മുറിയിൽ രക്തം തളം കെട്ടിയിരുന്നു. പാന്റ്സും ഷർട്ടുമാണ് വേഷം. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ദേഹത്തുണ്ടായിരുന്നു തിരിച്ചറിയിൽ കാർഡിൽ നിന്നാണ് കാഞ്ഞിരപ്പള്ളിയിലെ മേൽവിലാസം കിട്ടിയത്. വീട്ടുകാർ ഇന്ന് എറണാകുളത്ത് എത്തും.

മൃതദേഹം കിടന്നതിന് സമീപം കല്ലും പലകയും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പു പോയ അഭിജിത്ത് എവിടെയാണെന്ന് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന പ്രകൃതക്കാരനാണ്. അഞ്ച് മാസം മുമ്പ് കാണാതായപ്പോൾ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ കണ്ടെത്തി വീട്ടുകാർക്കൊപ്പം വിട്ടിരുന്നു. വീണ്ടും ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ്.

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം നോർത്ത് മേൽപ്പാലം ഉൾപ്പെടെ പരിസരപ്രദേശങ്ങളിൽ രാത്രി മയക്കുമരുന്നു സംഘങ്ങളും സ്വവർഗാനുരാഗികളും സജീവമാണ്. പൂട്ടിക്കിടക്കുന്ന കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധ സംഘങ്ങൾ രാത്രികാലത്ത് തമ്പടിച്ചിരുന്നതായി സംശയിക്കുന്നു.