പോക്‌സോ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ: 29 വർഷത്തെ കഠിനതടവ്
തൃശൂർ: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആലപ്പുഴ നീലംപേരൂർ സ്വദേശിയായ മനപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനെ (47) തൃശൂർ സിറ്റി പൊലീസ് കർണാടകയിലെ സുള്ളിയയിൽ നിന്നും പിടികൂടി.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 29 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 2023 ജനുവരി 18നായിരുന്നു സംഭവം. അതിജീവിതയെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തൃശൂരിലെ ഒരു ലോഡ്ജിലെത്തിച്ച് കട്ടിലിൽ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയും പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കേസിൽ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായതിനെ തുടർന്ന് ഒളിവിൽ പോയി. ഒന്നിലേറെ വിവാഹം കഴിച്ചിട്ടുള്ള പ്രതി കേരളത്തിലെ പല ജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു. അതിജീവിതയ്ക്കായി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ കെ.എ.സുനിത ഹാജരായി. കമ്മിഷണർ നകുൽ ആർ.ദേശ്‌മുഖിന്റെ നിർദ്ദേശത്തിൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് നേതൃത്വം നൽകിയ അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ എം.ജെ.ജിജോ, സിവിൽ പൊലീസ് ഓഫീസർമാരായ പി.ഹരീഷ്‌കുമാർ, വി.ബി.ദീപക്, എം.എസ്.അജ്മൽ എന്നിവരാണുണ്ടായിരുന്നത്.