വിമാനക്കൊള്ളയ്ക്ക് കേന്ദ്ര വിലങ്ങ്; ആഭ്യന്തര ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു, പ്രതിസന്ധി തീരുംവരെ ഈ നിരക്ക്
ന്യൂഡൽഹി: ഇൻഡിഗോ സർവീസ് കൂട്ടത്തോടെ റദ്ദാക്കിയത് മുതലെടുത്ത് മറ്റ് എയർലൈനുകൾ ആഭ്യന്തര യാത്രാനിരക്ക് കുത്തനേ കൂട്ടിയതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കൊള്ളയ്ക്ക് കടിഞ്ഞാണിട്ട് കേന്ദ്രം. സന്ദർഭം മുതലാക്കി, ഫ്ലെക്സി നിരക്കിന്റെ പേരിലുള്ള പിടിച്ചുപറി അനുവദിക്കില്ല. വ്യോമയാന മന്ത്രാലയം പരമാവധി നിരക്ക് നിശ്ചയിച്ചു. പ്രതിസന്ധി അയയുന്നതുവരെ ഈ നിരക്ക് തുടരും.
500 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക് പരമാവധി 7,500 രൂപയേ ഈടാക്കാവൂ. 500- 1000 കിലോമീറ്റർ വരെ 12,000 രൂപയിലും 1000- 1500 കിലോമീറ്റർ വരെ 15,000 രൂപയിലും കൂടരുത്. 1,500 കിലോമീറ്ററിന് മുകളിൽ എത്രയായാലും 18,000 രൂപ കടക്കരുത്.
നികുതി, പാസഞ്ചർ സർവീസ് ഫീസ്, യൂസർ ഡെവലപ്പ്മെന്റ് ഫീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല. ബിസിനസ് ക്ലാസിനും ഉഡാൻ വിമാനങ്ങൾക്കും ബാധകമല്ല. ചില റൂട്ടുകളിൽ ഒരു ലക്ഷം രൂപ വരെയായിരുന്നു കഴിഞ്ഞദിവസങ്ങളിലെ നിരക്ക്. ഇന്നലെ കൊൽക്കത്ത- മുംബയ് സ്‌പൈസ് ജെറ്റിലെ ഇക്കോണമി ടിക്കറ്റിന് 90,000 രൂപയായിരുന്നു.
അതേസമയം, 850 സർവീസുകളാണ് ഇന്നലെ ഇൻഡിഗോ റദ്ദാക്കിയത്. ആവശ്യത്തിന് പൈലറ്റുമാരും ജീവനക്കാരുമില്ല, സാങ്കേതിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ന്യായങ്ങൾ. വ്യോമയാന മന്ത്രി കെ.രാംമോഹൻ നായിഡു സ്ഥിതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സിനെ ബന്ധപ്പെട്ട് പ്രതിസന്ധി അതിവേഗം പരിഹരിക്കാൻ നിർദ്ദേശിച്ചു. സർവീസുകൾ പുനഃസ്ഥാപിക്കാൻ 10 ദിവസമാണ് സി.ഇ.ഒ ആവശ്യപ്പെട്ടിരിക്കുന്നത്. റീഫണ്ടുകൾ ഇന്നു രാത്രി 8നകം കൊടുത്തു തീർക്കാനാണ് കേന്ദ്ര നിർദ്ദേശം. എയർപോർട്ടുകളിൽ കുടുങ്ങിയ ബാഗേജുകൾ എത്രയും പെട്ടെന്ന് വിട്ടുകൊടുക്കണം.
തിരുവനന്തപുരം- ഡൽഹി
₹ 18,000ൽ കൂടില്ല
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 2,200 കിലോമീറ്ററാണ്
പുതിയ നിർദ്ദേശപ്രകാരം ഇക്കോണമി ക്ളാസിന് പരമാവധി 18,000 രൂപ
ഇൻഡിഗോയ്ക്ക് നോട്ടീസ്
ഇൻഡിഗോ സി.ഇ.ഒയ്ക്ക് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസ്
24 മണിക്കൂറിനകം വിശദീകരണം നൽകണം
ഇൻഡിഗോയ്‌ക്ക് കനത്ത പിഴയീടാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു
സി.ഇ.ഒയെ പുറത്താക്കണമെന്ന താത്പര്യം കേന്ദ്രം അറിയിച്ചു
പ്രതിസന്ധിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും പുറത്താക്കണം
ദുരിതത്തിന്റെ
മറ്റൊരു ദിനം
ഗുരുതര ആരോഗ്യപ്രശ്‌നമടക്കമുള്ളവർ ഇന്നലെയും വിമാനത്താവളങ്ങളിൽ കുടുങ്ങി. കുട്ടികളുടെ കൂട്ടക്കരച്ചിലായിരുന്നു പലയിടത്തും. വെള്ളമോ ഭക്ഷണമോ ഇരിപ്പിടമോ കിട്ടിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഹെൽപ്പ് ഡെസ്‌കുകളിൽ ആളില്ല. ഒട്ടേറെ ശബരിമല തീർത്ഥാടകരും കുടുങ്ങി.