ഡൽഹി: ദക്ഷിണേഷ്യയിലെ വിശ്വസ്ത പങ്കാളി

Sunday 07 December 2025 12:10 AM IST

അയൽക്കാർക്ക് സഹായം വേണ്ടപ്പോൾ ഇന്ത്യ അതു നൽകുന്നു. ദുരന്തമുണ്ടാകുമ്പോൾ ഇന്ത്യ മുന്നിൽ നിന്നു നയിക്കുന്നു. ദക്ഷിണേഷ്യൻ മേഖല വിറങ്ങലിക്കുമ്പോൾ ഇന്ത്യ അവിടം ശാന്തമാക്കുന്നു.

മനുഷ്യ ജീവനുകളും വീടുകളും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ കടപുഴക്കിയെറിഞ്ഞ് ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്ക ലക്ഷ്യമാക്കി ആഞ്ഞടിച്ചപ്പോൾ ഇന്ത്യ വ്യക്തതയോടെയും അങ്ങേയറ്റം വേഗത്തിലും അനുകമ്പയോടും പ്രവർത്തന നിരതമാവുകയായിരുന്നു. ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടുന്നതിനു മുമ്പുതന്നെ ന്യൂഡൽഹി ദുരന്ത പ്രതിരോധ ശൃംഖല പ്രവർത്തനക്ഷമമാക്കി. ഏതു നിമിഷവും സഹായങ്ങളും പിന്തുണയും നൽകാൻ കഴിയുന്ന വിധത്തിൽ കപ്പലുകളും രക്ഷാദൗത്യസംഘങ്ങളും ദുരിതാശ്വാസ സംവിധാനങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ഇത് ചെയ്തത്.

ഇങ്ങനെ ദ്രുത ഗതിയിൽ നടത്തിയ ഈ നടപടിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ഇത് ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യത്തിന്റെ നേതൃപദവിക്ക് തെളിവാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ സുസ്ഥിരതയോടെ രൂപപ്പെട്ടു വന്ന സംവിധാനമാണിത്. അതുകൊണ്ടാണ് ഏതു പ്രതിസന്ധിഘട്ടത്തിലും അയൽ രാജ്യങ്ങൾ ആദ്യം ഇന്ത്യയെ ആശ്രയിക്കുന്നത്.

ജാഗ്രതയിൽ കെട്ടിപ്പടുത്ത

സംവിധാനം ശ്രീലങ്ക ചുഴലിക്കാറ്റിനെപ്പറ്റിയുള്ള ജാഗ്രതാ സന്ദേശം പുറപ്പെടുവിച്ച ഘട്ടത്തിൽത്തന്നെ ഇന്ത്യയുടെ വിദേശ മന്ത്രാലയവും നാവിക സേനയും എന്തൊക്കെ അടിയന്തിര സഹായങ്ങളാണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് കൊളംബോയുമായി ചർച്ച ചെയ്യുകയുണ്ടായി. ദക്ഷിണ നാവിക സേനാ കമാൻഡ് അവശ്യസാധനങ്ങളും ആരോഗ്യ പ്രവർത്തകരും ജല ശുദ്ധീകരണത്തിനുള്ള യൂണിറ്റുകളും ജനറേറ്ററുകളും അടങ്ങുന്ന കപ്പലുകൾ സജ്ജമാക്കി. തീരസുരക്ഷാ വിമാനങ്ങൾ രക്ഷാദൗത്യത്തിന് സജ്ജമാക്കി. ദുരന്തമുഖത്ത് പെട്ടെന്നു തന്നെ എത്തിക്കാൻ കഴിയുന്ന റിലീഫ് കിറ്റുകളും തയ്യാറാക്കി നിർത്തി. ഈ മേഖലയിൽ സുപരിചിതമായ കാര്യമാണിത്. ഇന്ത്യ ഒരിക്കലും ദുരന്തമുഖത്തു നിന്നുള്ള വിളിക്കുവേണ്ടി കാത്തു നിൽക്കാറില്ല മറിച്ച് ദുരന്തങ്ങളെ മുൻകൂട്ടിക്കണ്ട് എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയാണ് ചെയ്യുന്നത്.

മുൻ നിരയിൽ നിന്നു

നയിച്ച പതിറ്റാണ്ട് ദക്ഷിണേഷ്യ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ദുരന്ത സാധ്യതയേറിയ മേഖലയാണ്. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ഭൂചലനം, സുനാമി എന്നിവയൊക്കെയാണ് ഈ മേഖലയിൽ ദുരന്തങ്ങൾ വിതയ്ക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ കൊണ്ട് നിരവധി ജീവനുകൾ രക്ഷിക്കാനാവും. ഇത് ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. ഈ ദിശയിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ട സന്ദർഭങ്ങൾ ഇനി പറയുന്നവയാണ്. 2015 ലെ നേപ്പാൾ ഭൂകമ്പം:

മൈത്രി എന്നു പേരിട്ട രക്ഷാദൗത്യം വഴി 5000 ത്തോളം പേരെ അന്നു രക്ഷിച്ചു. 250ലേറെ സൈനിക രക്ഷാസംഘം പറന്നെത്തി ഭീമമായ തോതിൽ ഭക്ഷണവും ആരോഗ്യ സേവനവും പാർപ്പിട സൗകര്യങ്ങളുമൊക്കെ നൽകി. അത്യന്തം മാനുഷികമായ രക്ഷാദൗത്യമായിരുന്നു ഇത്.

2022 ലെ ശ്രീലങ്കൻ സാമ്പത്തികപ്രതിസന്ധി:

ഇന്ധനക്ഷാമവും മരുന്നിന്റെ ദൗർലഭ്യവും പിടി വിട്ട നാണയപ്പെരുപ്പവും നേരിട്ട ഘട്ടത്തിൽ ഇന്ത്യ 400 കോടി ഡോളറാണ് ളാ വായ്പാ സഹായമായി ശ്രീലങ്കയ്ക്കു നൽകിയത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ അവശ്യസാധനങ്ങളും മാനുഷികമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുകയുണ്ടായി.

2014 ലെ മാലിദ്വീപിലെ ശുദ്ധജലക്ഷാമം :

ഇതു സംബന്ധിച്ച ആവശ്യമുയർന്ന് മണിക്കൂറുകൾക്കകം തന്നെ ഇന്ത്യൻ വിമാനങ്ങളും കപ്പലുകളും ആയിരം ടൺ കുടിവെള്ളം എത്തിച്ചു നൽകി. മറ്റു പല രാജ്യങ്ങളും പ്രതികരിക്കുന്നതിനു മുമ്പായിത്തന്നെ ഇന്ത്യ ഇതു ചെയ്യുകയായിരുന്നു.

2023 ലെ മോച്ച ചുഴലിക്കാറ്റ്:

ഐ.എൻ. എസ് ശിവാലിക്, ഐ.എൻ.എസ് കമോർത്ത എന്നീ ഇന്ത്യൻ നാവികക്കപ്പലുകൾ ദുരിതാശ്വാസ സാധനങ്ങളും മെഡിക്കൽ സംഘങ്ങളും വാർത്താ വിനിമയ ഉപകരണങ്ങളുമായി മ്യാൻമറിലും ബംഗ്ലാദേശിലുമെത്തി. ഇന്ത്യൻ സംഘമാണ് ഇവിടെ ആദ്യം എത്തിയത്.

കേവിഡ് 19 മഹാമാരി:

വാക്സിൻ മൈത്രിയിലൂടെ ഇന്ത്യ വാക്സിനുകളും മരുന്നുകളും ഓക്സിജനും ശ്രീലങ്ക . നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, സീ ഷെൽസ് എന്നീ രാജ്യങ്ങളിലെത്തിച്ചു. അങ്ങനെ ആ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം തകരാതെ നോക്കാൻ സഹായിച്ചു.

ഇത്തരം രക്ഷാദൗത്യ രീതി കേവലം സഹായം നൽകൽ മാത്രമല്ല. അയൽ രാജ്യങ്ങളോടുളള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ആദ്യം എന്ന തത്വം കൂടിയാണ്. മേഖലയുടെയാകെ വളർച്ചയുടെയും സാഗർ സുരക്ഷയുടെയും അടയാളവുമാണ്.

അനുതാപത്തിൽ

വേരൂന്നിയ പങ്കാളിത്തം തന്ത്രപരമായ വിചാരങ്ങൾക്കപ്പുറം, ഇന്ത്യൻ സമുദ്രമേഖലയിലെ സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമായ കെട്ടുപാടുകളോടുള്ള സമീപനം കൂടിയാണ് ഇത് തെളിയിക്കുന്നത്. ഈ തീരങ്ങളിലൂടെ നൂറ്റാണ്ടുകളോളം മനുഷ്യരും വാണിഭങ്ങളും പാരമ്പര്യങ്ങളുമൊക്കെ പ്രവഹിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഈ പാരസ്പര്യം ഇന്ത്യ തിരിച്ചറിയുന്നുണ്ട്. സാമ്പത്തികത്തകർച്ച നേരിട്ടപ്പോൾ ശ്രീലങ്ക ഇതു മനസ്സിലാക്കി. മറ്റു പല രാജ്യങ്ങളും ശങ്കിച്ചു നിൽക്കുകയും ചർച്ച നടത്തുകയും വ്യവസ്ഥകൾ പലതും അടിച്ചേൽപ്പിക്കുകയും ചെയ്തപ്പോൾ ഇന്ത്യ വളരെ പെട്ടെന്നു തന്നെ പ്രതികരിക്കുകയായിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും ആദ്യം ഓടിയെത്തുന്നത് ഇന്ത്യയാണ്. ഭൂപ്രദേശമായുള്ള അടുപ്പവും ഭാഷയും ഭരണ സംവിധാനവുമൊക്കെ പ്രാദേശിക ഭരണ സംവിധാനങ്ങളുമായി ഏകോപിച്ചു പ്രവർത്തിക്കാനും ഇന്ത്യയെ സഹായിക്കുന്നു.

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്ത്യയെ ആശ്രയിക്കാവുന്നതിന്റെ മറ്റൊരുദാഹരണം ഡിറ്റ് വാ ചുഴലി ശ്രീലങ്കയിൽ ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ നാവിക സേനയും തീരസംരക്ഷണ സേനയും പരിപൂർണജാഗ്രതയിലായിരുന്നു. ദുരിതാശ്വാസ സഹായങ്ങനൊക്കെ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. വാർത്താ വിനിമയ സംവിധാനങ്ങളും ഇന്ത്യൻ കാലാവസ്ഥാ ഏജൻസികളിൽ നിന്നുള്ള ഡാറ്റയുമൊക്കെ നൽകി ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നൽകി. ഭാവിയിലും ഇന്ത്യയുടെ പങ്ക് വർധിക്കും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കാലാവസ്ഥാ വ്യതിയാനം കൂടുതൽ ശക്തിപ്പെടുമ്പോൾ ഇത്തരം രക്ഷാദൗത്യങ്ങളും മനുഷ്യപക്ഷത്തുനിന്നുള്ള ഇന്ത്യയുടെ സഹായങ്ങളും വർധിക്കും എന്നതിൽ സംശയമില്ല. ദക്ഷിണേഷ്യയിൽ ഇന്ത്യയെ ആശ്രയിക്കാൻ കഴിയുന്ന സംവിധാനം വില മതിക്കാനാവാത്തതാണ്.

ഓരോ പ്രകൃതിക്ഷോഭത്തിലും പങ്കാളി ഡിറ്റ് വാ ചുഴലി നമ്മെ ഓർമപ്പെടുത്തുന്നത് ഇന്ത്യൻ നേതൃത്വം നയതന്ത്രത്തിനപ്പുറം, പ്രവൃത്തിയിലൂടെ വിശ്വാസം നേടിയെടുക്കുന്നു എന്നതാണ്. അയൽക്കാർക്ക് സഹായം വേണ്ടപ്പോൾ ഇന്ത്യ അതു നൽകുന്നു. ദുരന്തമുണ്ടാകുമ്പോൾ ഇന്ത്യ മുന്നിൽ നിന്നു നയിക്കുന്നു. ദക്ഷിണേഷ്യൻ മേഖല വിറങ്ങലിക്കുമ്പോൾ ഇന്ത്യ അവിടം ശാന്തമാക്കുന്നു. ദക്ഷിണേഷ്യയിൽ പ്രതിസന്ധികൾ രൂക്ഷമാവുകയും, ആഗോള സഖ്യങ്ങൾ പലതും അനിശ്ചിതത്വത്തിലാവുകയും ചെയ്യുമ്പോൾ ഈ മേഖലയ്ക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന രാജ്യം ഇന്ത്യയാണെന്ന് തിരിച്ചറിയുകയാണ്. ഡിറ്റ് വാ ചുഴലിക്കാറ്റിൽ മാത്രമല്ല, ഭാവിയിലെ പ്രതിസന്ധികളിലും.