റാം വരുമോ ?

Sunday 07 December 2025 12:36 AM IST

150 കോടി മുടക്കി രണ്ടു ഭാഗങ്ങളായി നിർമ്മിക്കാനായിരുന്നു തീരുമാനം

മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ റാം ഉപേക്ഷിച്ചോ? ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും വ്യക്തമായ ഉത്തരം നല്കാനാവാത്ത ചോദ്യം ആണ് ഇത് . ഇതിനകം റാമിന് വേണ്ടി 80 കോടിയിലേറെ മുടക്കിക്കഴിഞ്ഞെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം അനിശ്ചിതമായി നീണ്ടു പോകുന്നതെന്നുമാണ് വിവരം. രമേഷ്.പി.പിള്ളയും, സുധൻ സുന്ദരവുമാണ് റാമിന്റെ നിർമ്മാതാക്കൾ. 2019 ഡിസംബർ 16ന് ആണ് ചിത്രത്തിന്റെ പൂജാ ചടങ്ങും ടൈറ്റിൽ പ്രഖ്യാപനവും നടന്നത്. ചിത്രീകരണം 2020 ജനുവരി 5ന് ആരംഭിച്ചു. ഇതുവരെ 100 ദിവസത്തെ ചിത്രീകരണം നടന്നു.കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ എന്നിവിടങ്ങളായിരുന്നു നിശ്ചയിച്ചിരുന്ന ലൊക്കേഷനുകൾ. മോഹൻലാലിനെ കൂടാതെ തൃഷ, ഇന്ദ്രജിത്ത്,സന്തോഷ് കീഴാറ്റൂർ,ആദിൽ ഹുസ്സൈൻ,ദുർഗ്ഗ കൃഷ്ണ, പ്രിയങ്ക നായർ തുടങ്ങിയവരും താര നിരയിലുണ്ട്.' മറ്റൊരു നിർമ്മാതാവിനെ കൂടി സഹകരിപ്പിച്ച് റാം പൂർത്തിയാക്കാൻ ആലോചന നടക്കുന്നുണ്ട്. അതേസമയം മിറാഷ് ആണ് ജീത്തുവിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.വലത് വശത്തെ കള്ളനാണ് അടുത്ത റിലീസ്. നേരിന് ശേഷം മോഹൻലാലുമായി വീണ്ടുമൊന്നിക്കുന്ന ദൃശ്യം 3 പൂർത്തിയായി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം വിഷുവിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.