തമിഴ്നാട്ടിൽ പങ്കാളിത്തം ലക്ഷ്യമിട്ട് കോൺഗ്രസ്, ഡി.എം.കെയുമായും വിജയ്‌യുമായും ചർച്ച
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിജയ്‌യുടെ ടി.വി.കെയുമായും ഡി.എം.കെയുമായും ചർച്ച നടത്തി കോൺഗ്രസ്.
ടി.വി.കെയുമായി സഖ്യം ചേരാനുള്ള നീക്കം കോൺഗ്രസ് നേതൃത്വം ഊർജ്ജിതമാക്കിയതായാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അദ്ധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാദ്ധ്യതയെ കുറിച്ചായിരുന്നു ചർച്ച. തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും നാല് മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. ഡി.എം.കെ വിട്ട് ടി.വി.കെയുമായി സഖ്യം ചേരണമെന്ന് തമിഴ്നാട്ടിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ടി.വി.കെ അധികാരത്തിലെത്തിയാൽ ഭരണത്തിൽ പങ്കാളിത്തം ലഭിക്കുമെന്നതിനാലാണിത്.
നിലവിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. പക്ഷേ, ഭരണത്തിൽ ഡി.എം.കെ പങ്കാളിത്തം നൽകിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി വരികയാണ്. അതേ സമയത്താണ് ടി.വി.കെയുമായുള്ള സഖ്യനീക്കവും. ഇതുസംബന്ധിച്ച് സ്റ്റാലിനോ വിജയ്‌യോ പ്രതികരിച്ചിട്ടില്ല.
ചരടുവലി സെങ്കോട്ടയ്യൻ
അണ്ണാ ഡി.എം.കെ വിട്ട് ടി.വി.കെയിലെത്തിയ മുൻ മന്ത്രി സെങ്കോട്ടയ്യനാണ് ടി.വി.കെ സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികളേയും നേതാക്കളേയും എത്തിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നത്. നിലവിൽ ടി.വി.കെയുടെ കോ ഓർഡിനേറ്ററാണ് സെങ്കോട്ടയ്യൻ. ഡിസംബർ ഒടുവിലോടെ ടി.വി.കെ കൂടുതൽ ശക്തമാകുമെന്നും മറ്റ് പാർട്ടികളിലെ മുൻ മന്ത്രിമാർ ഉടൻ ടി.വി.കെയിൽ ചേരുമെന്നും സെങ്കോട്ടയ്യൻ പറഞ്ഞിരുന്നു. 5ന്
ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനും പ്രശസ്ത പൊതുപ്രഭാഷകനുമായ നഞ്ചിൽ സമ്പത്ത് ടി.വി.കെയിൽ ചേർന്നു. എം.ഡി.എം.കെ മേധാവി വൈകോയുടെ ദീർഘകാല സഹപ്രവർത്തകനായിരുന്ന സമ്പത്ത് പിന്നീട് അണ്ണാ ഡി.എം.കയിലും പ്രവർത്തിച്ചു.
'ടി.വി.കെയുമായി പ്രവീൺ ചക്രവർത്തി നടത്തിയ ചർച്ചയെക്കുറിച്ച് അറിയില്ല. ഞങ്ങൾ ഇപ്പോഴും ഡി.എം.കെയുമായി സഖ്യത്തിലാണ്.
ഊഹാപോഹങ്ങളോട് പ്രതികരിക്കാനാവില്ല"
-സെൽവപെരുന്തഗൈ,
കോൺഗ്രസ്
സംസ്ഥാന പ്രസിഡന്റ്