പുട്ടിന്റെ സന്ദർശനത്തിനുശേഷം ജയശങ്കർ,​ 'ഇന്ത്യ - റഷ്യ ബന്ധം സ്ഥിരം ശക്തം'

Sunday 07 December 2025 12:43 AM IST

ന്യൂഡൽഹി: കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള ശക്തമായ ബന്ധമാണ് ഇന്ത്യയും റഷ്യയുമായുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യ സന്ദ‌ർശനത്തിന് പിന്നാലെയാണ് പ്രതികരണം. പുട്ടിന്റെ സന്ദർശനം ഇരു രാജ്യങ്ങളിലെയും സമ്പദ്‌രംഗത്തിന് ഊർജ്ജം പകരുന്നതാണ്. യു.എസുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ സന്ദർശനം സങ്കീർണമാക്കില്ല. ഇന്ത്യയുടെ ബന്ധം വികസിക്കുന്നത് തടയാൻ വീറ്റോ അധികാരമുണ്ടെന്ന് ഏതെങ്കിലും രാജ്യത്തിന് തോന്നുന്നത് ന്യായമല്ലെന്നും യു.എസിനെ കുത്തി ജയശങ്കർ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്‌ക്കു മേൽ ട്രംപ് ഭരണക്കൂടം അധിക തീരുവ ചുമത്തിയിരുന്നു.

മുരിങ്ങയില സൂപ്പും

മുറുക്കും..

വെള്ളിയാഴ്ച രാത്രി രാഷ്ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സംഘടിപ്പിച്ച അത്താഴ വിരുന്നിൽ വ്ലാഡിമിർ പുട്ടിന് വെള്ളിത്തളികയിൽ വിളമ്പിയത് ഇന്ത്യൻ സസ്യാഹാരം. മുരിങ്ങയിലയിട്ട സൂപ്പോടെയാണ് അത്താഴം ആരംഭിച്ചത്. കറുത്ത കടല ഉപയോഗിച്ച് പാകം ചെയ്‌ത ശിഖംപുരി കെബാബ്, വെജിറ്റബിൾ ജോൽ മൊമോസ്, സഫ്റാനി പനീ‌ർ റോൾ, പാലക് മേത്തി മട്ട‌‌ർ സാഗ്, കുങ്കുമ പൂവിട്ട പുലാവ്, ലച്ചാ പറാത്ത, മിസ്സി റൊട്ടി, നാൻ തുടങ്ങിയവയും ഒരുക്കി. ദക്ഷിണേന്ത്യയിലെ മുറുക്കും ഇടംപിടിച്ചു. വിരുന്നിന് പിന്നാലെ പുട്ടിൻ റഷ്യയിലേക്ക് മടങ്ങി.

യൂറോപ്യൻ

വാഹനങ്ങൾ ഒഴിവാക്കി

പുട്ടിൻ ഡൽഹിയിൽ യൂറോപ്യൻ ബ്രാൻഡ് വാഹനങ്ങൾ ഉപയോഗിക്കാൻ തയ്യാറാകാത്തത് ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്ര ചെയ്‌തത് ജപ്പാൻ നി‌‌ർമ്മിത വെള്ള ടൊയോട്ട ഫൊർച്യുണർ കാറിലാണ്. യൂറോപ്യൻ ബ്രാൻഡുകളായ റേഞ്ച് റോവർ, ബി.എം.ഡബ്ല്യു, മെഴ്സിഡസ് കാറുകൾ ഒഴിവാക്കി. യുക്രെയിൻ സംഘർഷത്തിൽ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടാണ് യൂറോപ്യൻ യൂണിയനുള്ളത്.

തരൂർ വിവാദവും

രാഷ്ട്രപതി ഭവനിലെ വിരുന്നിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പങ്കെടുത്തതിൽ രാഷ്ട്രീയ വിവാദം .ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ ക്ഷണിച്ചിരുന്നില്ല. എന്നിട്ടും തരൂർ പങ്കെടുത്തത് പാർട്ടിയിൽ കടുത്ത അതൃപ്‌തിയുണ്ടാക്കി.