ബംഗ്ളാദേശിലേക്ക് കടത്തിയ ഗർഭിണിയെ തിരിച്ചെത്തിച്ചു

Sunday 07 December 2025 12:44 AM IST

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ഡൽഹി പൊലീസ് പിടികൂടി ബംഗ്ളാദേശിലേക്കയച്ചു. ഇന്ത്യൻ പൗരന്മാരാണെന്ന് വിധിച്ച് ബംഗ്ളാദേശ് അധികൃതർ ജയിലിലാക്കി. ഒടുവിൽ സുപ്രീംകോടതി ഇടപെട്ട് പൂർണ ഗർഭിണിയെയും 8 വയസുള്ള മകനെയും തിരിച്ചെത്തിച്ചു. ഇവരുടെ നാലു ബന്ധുക്കൾ ഇപ്പോഴും ബംഗ്ളാദേശ് ജയിലിലാണ്.

25കാരി സുനാലി ഖാത്തൂനിനും 8 വയസുള്ള മകനുമാണ് 103 ദിവസത്തെ ജയിൽ വാസത്തിനുശേഷം തിരിച്ചെത്തിയത്. സുനാലി,​ മകൻ,​ ഭർത്താവ് ഡാനിഷ് ഷെയ്ഖ് ഉൾപ്പെടെ ആറുപേരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ ജൂൺ 26ന് നാടുകടത്തിയത്. ഡൽഹിയിൽ വീട്ടുജോലി ചെയ്‌താണ് കഴിഞ്ഞിരുന്നത്. ആധാർ ഉൾപ്പെടെ രേഖകൾ ഇവരുടെ കൈവശമുണ്ട്. എന്നാൽ, ബംഗ്ളാദേശ് അതിർത്തി കടന്നെത്തിയ കുടുംബം വ്യാജ രേഖകൾ സംഘടിപ്പിച്ച് ഇന്ത്യയിൽ കഴിയുകയായിരുന്നെന്ന് പറഞ്ഞ് പൊലീസ് തിരിച്ചയയ്ക്കുകയായിരുന്നു.

സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെ കേന്ദ്രസർക്കാരും അവിടുത്തെ പൗരാവകാശ പ്രവർത്തകരും ഇടപെട്ട് രണ്ടുപേരെയും ജാമ്യത്തിലിറക്കി. പശ്ചിമബംഗാളിലെ മെഹദിപൂർ ബോർഡർ ഔട്ട്പോസ്റ്റ് വഴി ഇരുവരും ഇന്ത്യയിലെത്തിച്ചു. ബംഗാളിലെ ബിർഭൂമിൽ അടുത്ത ബന്ധുക്കൾക്കൊപ്പമാക്കി. ഗർഭിണിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്.

പരിഗണിച്ചത് മനുഷ്യത്വം

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് തിരിച്ചുവരവിന് കളമൊരുക്കിയത്. ഇത്തരം കേസുകളിൽ സാങ്കേതിക വിഷയങ്ങളല്ല, മനുഷ്യത്വമാണ് മുന്നിട്ടു നിൽക്കേണ്ടതെന്ന് കോടതി നിലപാടെടുത്തു. ഇതോടെ,​ കേന്ദ്രസർക്കാർ ഇവരെ തിരികെ കൊണ്ടുവരാമെന്ന് അറിയിക്കുകയായിരുന്നു. നാടുകടത്തിയ ആറു പേരെയും തിരികെയെത്തിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബർ 26ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാരാണ് സുപ്രീംകോടതിയിലെത്തിയത്. ആറുപേരെയും തിരികെയെത്തിക്കണമെന്ന് ബംഗാൾ സർക്കാരും വാദിച്ചു. 12ന് വീണ്ടും വാദം കേൾക്കും.