കർണാടകയിൽ യുവതിയെ റോട്ട്‌വീലർ കടിച്ചുകൊന്നു

Sunday 07 December 2025 12:44 AM IST

 50ഓളം മാരക മുറിവുകൾ

ബംഗളൂരു: കർണാടകയിൽ വഴിയാത്രക്കാരിയെ രണ്ട് റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. വ്യാഴാഴ്ച ദാവണഗരെയിലെ ഗൊല്ലരഹട്ടിയിലാണ് ദാരുണസംഭവം. അനിത ഹാലേഷാണ് (38 ) മരിച്ചത്. രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് മല്ലഷെട്ടിഹള്ളിയിലെ വീട്ടിൽ നിന്ന്

ഹൊന്നൂരു ഗൊല്ലരഹട്ടിയിലേക്ക് നടന്നുവരികയായിരുന്നു അനിത. ഇതിനിടെ നായ്ക്കൾ പാഞ്ഞെത്തുകയും കടിച്ചുകുടയുകയുമായിരുന്നു. തലയിലും മുഖത്തും കഴുത്തിലുമുൾപ്പെടെ കടിച്ചു. ശരീരത്തിൽ അമ്പതോളം മാരക മുറിവുകളേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാർക്ക് ഏറെ നേരമെടുത്താണ് നായ്ക്കളെ തുരത്താനായത്. അനിതയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാട്ടുകാർ നായ്ക്കളെ പിടികൂടി,​

അതിനിടെ, പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി പത്തോടെ ഓട്ടോറിക്ഷയിലെത്തിയ ഒരു സംഘം നായ്ക്കളെ റോഡുവക്കിൽ ഇറക്കിവിടുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തണമെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അനിതയുടെ സഹോദരൻ കൃഷ്ണ ചന്ദ്രപ്പ ആരോപിച്ചു.