ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗോവയിലെ പ്രമുഖ നിശാക്ലബ്ബിൽ വൻതീപിടിത്തം, വിനോദസഞ്ചാരികളടക്കം 23പേർ കൊല്ലപ്പെട്ടു

Sunday 07 December 2025 7:06 AM IST

പനാജി: ഗോവയിലെ പ്രമുഖ നിശാക്ലബ്ബിൽ വൻ അഗ്നിബാധയെ തുടർന്ന് 23 പേർ കൊല്ലപ്പെട്ടു. അർപോറയിലെ നിശാക്ലബ്ബിൽ ഇന്നലെ രാത്രിയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.

മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ്. മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലം സന്ദർശിച്ചു. ഇതുവരെ 23 പേർ മരിച്ചതായാണ് ഗോവ പൊലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിക്കുന്നത്. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്തായതിനാൽ ഇവർ എല്ലാം തന്നെ ജീവനക്കാർ ആണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരിൽ വിനോദസഞ്ചാരികളും ഉള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, നിശാ ക്ലബ്ബ് അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടും പ്രവർത്തിക്കാൻ അനുവദിച്ച ക്ലബ്ബ് മാനേജ്‌മെന്റിനും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും പ്രമോദ് സാവന്ത് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ മരിച്ചവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. എക്സിലൂടെയായിരുന്നു പ്രതികരണം.