ബ്രസീൽ പ്രസിഡന്റ്: ബൊൽസൊനാരോയുടെ മകൻ മത്സരിച്ചേക്കും

Sunday 07 December 2025 7:35 AM IST

ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ മൂത്ത മകനും സെനറ്ററുമായ ഫ്ലാവിയോ ബൊൽസൊനാരോ അടുത്ത വർഷം നടക്കുന്ന ബ്രസീൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ജെയ്ർ ബൊൽസൊനാരോയുടെ ലിബറൽ പാർട്ടിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഫ്ലാവിയോയ്ക്ക് ബൊൽസൊനാരോയുടെ പിന്തുണയുണ്ട്. നിലവിലെ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയും വീണ്ടും മത്സരിച്ചേക്കും. അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ബൊൽസൊനാരോയ്ക്ക് അടുത്തിടെ ജയിൽ ശിക്ഷ ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. ബൊൽസൊനാരോ 2019ലാണ് പ്രസിഡന്റായത്. 2022ലെ തിരഞ്ഞെടുപ്പിൽ ലൂലയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. പിന്നാലെ രാജ്യത്തുണ്ടായ കലാപം, ലൂല അധികാരത്തിൽ എത്താതിരിക്കാൻ ബൊൽസൊനാരോ ആവിഷ്കരിച്ചതാണെന്ന് ആരോപിക്കുന്നു.