യുക്രെയിനിൽ വ്യോമാക്രമണം ശക്തം

Sunday 07 December 2025 7:35 AM IST

കീവ്: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്ന് യു.എസ് ആവർത്തിക്കുന്നതിനിടെ, യുക്രെയിനിൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. ഇന്നലെ പുലർച്ചെ എട്ട് യുക്രെയിൻ മേഖലകളിലുണ്ടായ വ്യോമാക്രമണത്തിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് വ്യാപക നാശമുണ്ടായി.

രാജ്യത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. വൈദ്യുതി തടസം ആണവ പ്ലാന്റുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. 653 ഡ്രോണുകളും 51 മിസൈലുകളും റഷ്യ യുക്രെയിന് നേരെ പ്രയോഗിച്ചു. ഇതിൽ 585 ഡ്രോണുകളും 30 മിസൈലുകളും തങ്ങൾ തകർത്തെന്ന് യുക്രെയിൻ സൈന്യം പറഞ്ഞു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ചെർണീവ്, സെപൊറീഷ്യ, ലിവീവ്, നിപ്രോപെട്രോവ്‌സ്‌ക്, ഒഡേസ മേഖലകളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ കീവിലെ റെയിൽവേ ഹബ്ബും ആക്രമിക്കപ്പെട്ടു. ട്രെയിൻ ബോഗികളും പ്രധാന കെട്ടിടവും നശിച്ചു.

തങ്ങൾ ആവിഷ്കരിച്ച സമാധാന കരാറുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കഴിഞ്ഞയാഴ്ച മോസ്കോയിൽ നേരിട്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ കരാറിലെ ഏതാനും വ്യവസ്ഥകളെ പുട്ടിൻ തള്ളിയിരുന്നു. യുക്രെയിനും കരാറിനെ പൂർണമായി അംഗീകരിച്ചിട്ടില്ല.