'സിനിമ എനിക്ക് പറ്റിയ പണിയല്ല,​ എന്തിനാണ് അഭിനയിച്ചതെന്ന് ചിന്തിക്കാറുണ്ട്'; കാരണം വെളിപ്പെടുത്തി മമ്മൂക്കയുടെ നായിക

Sunday 07 December 2025 11:31 AM IST

മലയാളത്തിലും തമിഴിലും മുൻനിര നടൻമാരുടെ നായികയായും സഹോദരിയായും വേഷമിട്ട നടിയാണ് കൃഷ്ണ സജിത്ത്. തമിഴ് സിനിമയിൽ താരം ലക്ഷണയെന്നാണ് അറിയപ്പെട്ടത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത നടി ഇപ്പോൾ ഖത്തറിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നതിനോടൊപ്പം ഹീലറായും പ്രാക്ടീസ് ചെയ്യുകയാണ്. ഇപ്പോഴിതാ കൃഷ്ണ സജിത്ത് തന്റെ അഭിനയസമയത്തുണ്ടായ ചില അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിനോട് പങ്കുവച്ചിരിക്കുകയാണ്.

'ശിവകാശിയെന്ന സിനിമയിൽ വിജയ്‌യുടെ സഹോദരിയായാണ് ഞാൻ അഭിനയിച്ചത്. 22-ാമത്തെ വയസിലാണ് അതിന് അവസരം ലഭിച്ചത്. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നടനാണ് വിജയ്. ആരോടും വലുതെന്നോ ചെറുതെന്നോ വ്യത്യാസം കാണിച്ചിട്ടില്ല. അത് എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. ബാലേട്ടൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ സഹോദരിയായാണ് ഞാൻ അഭിനയിച്ചത്. കൃത്യനിഷ്ടതയുള്ളയാളാണ് ലാലേട്ടൻ. പല മുതിർന്ന നടീനടൻമാരുമായി ആ സിനിമയിൽ അഭിനയിക്കാൻ സാധിച്ചു.

പക്ഷെ പരുന്തിൽ മാത്രമാണ് എല്ലാം മനസിലാക്കി ഞാൻ അഭിനയിച്ചിട്ടുള്ളത്.അതിൽ മമ്മൂക്കയുടെ നായികയായിരുന്നു. അന്ന് അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. പുറത്ത് നിന്ന് നായികമാരെ കൊണ്ടുവരാത്തത് അവർ സംഭാഷണങ്ങൾ പഠിക്കാൻ താമസിക്കുമെന്നതുകൊണ്ടാണ്. അവിടെയാണ് ഞാൻ കുറച്ച് പേടിച്ചത്. അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ പതറിപോയി. അഭിനയത്തിൽ ഗൗരവത്തോടെ പെരുമാറുന്നയാളാണ് മമ്മൂക്ക.

ഞാൻ അഭിനയിച്ച സിനിമകൾ കാണാറില്ല. എനിക്ക് പ​റ്റിയ പണിയല്ല സിനിമ. എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമ എനിക്ക് പ​റ്റിയ സ്ഥലമല്ല. പക്ഷെ ഇന്നും എല്ലാവർക്കും എന്നോട് സ്‌നേഹമുണ്ട്. ഇപ്പോൾ മേഖല മാറിയത് ഞാനെടുത്ത തീരുമാനം കൊണ്ടല്ല. കല്യാണത്തിന് മുൻപ് നല്ല തിരക്കായിരുന്നു. കുറച്ചുനാൾ ബ്രേക്കെടുക്കാമെന്ന് കരുതിയാണ് സിനിമയിൽ നിന്ന് മാറിനിന്നത്'- കൃഷ്ണ സജിത്ത് പറഞ്ഞു.