ഗോവ നിശാക്ലബിൽ തീ ആളിപ്പടർന്നത് നൃത്ത പരിപാടിക്കിടെ, ദൃശ്യങ്ങൾ പുറത്ത്

Sunday 07 December 2025 5:46 PM IST

പനാജി:ഗോവയിലെ നിശാക്ലബ്ബിൽ അഗ്നിബാധയ്ക്ക് തൊട്ടു മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്.'ബോളിവുഡ് ബാംഗർ നൈറ്റ്' ആഘോഷിക്കാനെത്തിയ ഏകദേശം 100 വിനോദസഞ്ചാരികളാണ് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്.'മെഹബൂബ ഓ മെഹബൂബ' എന്ന ഗാനത്തിന് നർത്തകി ചുവടുവയ്ക്കുന്നതിനിടെയാണ് പിന്നിൽ തീ പടരുന്നത്. ഈ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

ക്ലബ്ബ് ജീവനക്കാരായ രണ്ടുപേർ ഉടൻതന്നെ കൺസോളിനടുത്തേക്ക് ഓടിയെത്തി തീ കത്തുന്നതിന് താഴെ വച്ചിരുന്ന ലാപ്‌ടോപ്പും മറ്റും എടുത്തുമാറ്റി. തീ പടർന്നപ്പോൾ ആദ്യമൊന്നും ആരും കാര്യമായ ഭയം കാണിച്ചില്ല. പിന്നീട് ഒരാൾ നർത്തകിയെ അഭിനന്ദിച്ചുകൊണ്ട് 'നിങ്ങൾ തീയിട്ടു' എന്ന് തമാശയായി പറയുന്നതും വീഡിയോയിൽ കേൾക്കാം.

അതിനുശേഷം അഗ്നി അതിവേഗം പടർന്നതോടെ സംഗീതജ്ഞർ ഉപകരണങ്ങൾ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. നിമിഷങ്ങൾക്കുള്ളിൽ നർത്തകിയും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മിനിട്ടുകൾക്കകം തീ ക്ലബ്ബിന്റെ സീലിംഗിലേക്കും പടർന്നു. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. 25 പേർ മരിച്ചതായാണ് ഗോവ പൊലീസ് സ്ഥിരീകരിക്കുന്നത്. മരിച്ചവരിൽ കൂടുതൽ പേരും ക്ലബിലെ അടുക്കളയിൽ ജോലിക്കു നിന്ന ജീവനക്കാർ ആയിരുന്നുവെന്നാണ് വിവരം.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്ലബ്ബിലേക്കുള്ള ഇടുങ്ങിയ പ്രവേശന കവാടത്തിലൂടെ പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിപ്പോയിരുന്നു. ചിലർ രക്ഷപ്പെട്ടെങ്കിലും ഒട്ടേറെ പേർ ക്ലബിലെ താഴത്തെ അടുക്കളയിലേക്ക് ഓടിപ്പോവുകയും അവിടെ കുടുങ്ങുകയുമായിരുന്നു. ക്ലബ്ബിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഫയർ എഞ്ചിനുകൾക്ക് എത്തിച്ചേരാൻ സാധിച്ചില്ല. 400 മീറ്റർ അകലെ നിർത്തിയിട്ടതിനു ശേഷമാണ് ഫയർ എഞ്ചിനുകൾ രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരിൽ പലരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും മറ്റുള്ളവർക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നും അധികൃതർ അറിയിച്ചു.