കൊട്ടിക്കലാശം കഴിഞ്ഞു,​ തളരാതെ വോട്ടോട്ടം

Monday 08 December 2025 2:23 AM IST

കോട്ടയം : കൊട്ടിക്കലാശം ആഘോഷമായി. വോട്ടുകൾ പെട്ടിയിൽ വീഴും മുമ്പേ കണക്കുകൂട്ടി സീറ്റും ഭരണവും ഉറപ്പിച്ച് മുന്നണികൾ. കണക്ക് കൃത്യമാക്കാൻ പരമാവധി ജനങ്ങൾക്കൊപ്പം സ്ഥാനാർത്ഥികളും. ഇന്നലെ ഉച്ചകഴി‌ഞ്ഞപ്പോൾ മുതൽ കലാശക്കൊട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ചിരിതൂകി സ്ഥാനാർത്ഥികൾ നിരന്നു. പാട്ടും ആട്ടവും മേളവുമായി അണികളും. നഗരഗ്രാമാന്തരങ്ങളിൽ ഉത്സവ പ്രതീതി. ആവേശം അണപൊട്ടിയൊഴുകി. കൊവിഡ് കാലത്ത് നടന്ന തിരഞ്ഞെടുപ്പിനൊപ്പം കേരള കോൺഗ്രസ് എം മുന്നണി മാറിയതും കഴിഞ്ഞ തവണത്തെ പ്രത്യേകതയായിരുന്നു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം യു.ഡി.എഫിന് ക്ഷീണവും,​ എൽ.ഡി.എഫിന് ഗുണവുമായെങ്കിൽ ഇക്കുറി അട്ടിമറിക്കുകയാണ് ലക്ഷ്യം. പല പഞ്ചായത്തുകളിലും മൂന്നു മുന്നണിയ്ക്കും ഭരണം ലഭിച്ചത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ്. ഒന്നു മുതൽ അഞ്ചു വോട്ടിന്റെ വരെ വ്യത്യാസത്തിൽ ജില്ലയിൽ 164 മെമ്പർമാരാണ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്. നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡുകളിലെല്ലാം പ്രത്യേക ശ്രദ്ധയൂന്നിയാണ് മത്സരം.

റിബലുകൾ കുറവ്,​ ആശ്വാസം

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്ന് മുന്നണികൾക്കും റിബൽ ശല്യം കുറവാണ്. സീറ്റ് വിഭജനവും വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാക്കി. കഴിഞ്ഞ തവണ നിരവധി പഞ്ചായത്തുകളിൽ എൽ.ഡി.എഫ് സീറ്റ് വിഭജനം പൂർണ തോതിൽ എത്തിയിരുന്നില്ല. ഇത്തവണ മുഴുവൻ പഞ്ചായത്തുകളിലും എൽ.ഡി.എഫ്, യു.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കാനായി. അസ്വാരസ്യങ്ങൾ മൂന്നു മുന്നണികളിലുമുണ്ടെങ്കിലും പുറമേ പ്രകടിപ്പിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺഗ്രസ് - ലീഗ് തർക്കം തുടക്കത്തിൽ യു.ഡി.എഫിനെ അസ്വസ്ഥമാക്കിയിരുന്നുവെങ്കിലും പിന്നീട് പരിഹരിച്ചു.