'സുപ്രിയ വളരെ കുറച്ചേ സംസാരമുള്ളൂ, ആ സ്ഥാനം പൂർണിമയ്ക്കാണ് നൽകിയത്'; തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ
ഏതൊരു മരുമകളും ആഗ്രഹിക്കുന്ന ഒരു അമ്മായിയമ്മയാണ് താനെന്ന് നടി മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അവരുടെ സ്വാതന്ത്ര്യങ്ങളിൽ ഒരിക്കലും താൻ ഇടപെടാറില്ലെന്നും അത് എനിക്ക് ഇഷ്ടമല്ലെന്നും മല്ലിക പറഞ്ഞിരുന്നു. ഇപ്പോഴിതാ മരുമക്കളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക. വീട്ടിൽ ആരാണ് ഏറ്റവും കൂടുതൽ വാചകമടിക്കുന്നതെന്ന ചോദ്യത്തിനാണ് മല്ലികയുടെ മറുപടി.
മല്ലിക സുകുമാരന്റെ വാക്കുകളിലേക്ക് 'വാചകം മൂന്ന് ഭാഷയിലാണ്. ഒന്ന് ഹിന്ദി, മലയാളം ഇംഗ്ലീഷും കൂടെ കലർന്നതാണ്. ഞാൻ ശുദ്ധമലയാളമാണ് സംസാരിക്കുക. എനിക്ക് തോന്നുന്നത് അവരുടെ വാചകമൊക്കെ കൂടുതലും അവരുടേതായ ഇന്റർവ്യൂകളിലായിരിക്കും കൂടുതലും പ്രയോഗിക്കുന്നത്. ഇവിടെ ഞാൻ ആണല്ലോ അമ്മ. ഞാൻ പറയും അവർ കേൾക്കും. അതുകൊണ്ട് വാചകം ഗ്രേഡിംഗ് ചെയ്യാനുള്ള സംഭവങ്ങൾ ഉണ്ടാകാറില്ല.
ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഞാനും പൂർണിമയും കൂടെയായിരിക്കും. സുപ്രിയ വളരെ കുറച്ചേ സംസാരമുള്ളൂ. എല്ലാവരുമായി ചിരിക്കാനും കളിക്കാനും കൂടും എന്നല്ലാതെ, കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് പൂർണിമയുമായിട്ടാണ്. ആദ്യം വന്ന മരുമകൾ അല്ലേ, അതുകൊണ്ട് മൂത്ത മകളുടെ സ്ഥാനം അദ്ദേഹത്തിനല്ലേ. കുടുംബത്തിൽ എല്ലാവരും ഒരുമിക്കുമ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് വളരെ കുറവാണ്.
കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ സ്‌കൂളിലെ കാര്യങ്ങളെക്കുറിച്ചും എവിടെങ്കിലും പോകുമ്പോഴുള്ള തമാശകളൊക്കെയാണ് പറയാറ്. മക്കൾ ഗുരുവായൂർ ക്ഷേത്രത്തിലൊക്കെ പോകുമ്പോൾ എല്ലാവരും അമ്മ എവിടെയാണെന്നാണ് ചോദിക്കുക. അന്വേഷിക്കാത്തവരില്ല. അത് തനിക്ക് സന്തോഷമാണ്'- മല്ലിക സുകുമാരൻ പറഞ്ഞു.