അനൗൺസ്‌മെന്റ് പോരാട്ടം കൊഴുത്തു
കോട്ടയം: തദേശ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങളിൽ അനൗൺസ്‌മെന്റ് പോരാട്ടം കൊഴുത്തു. സിനിമ പാട്ടുകൾക്ക് സമാന മാതൃകയിൽ വരികളെഴുതിയ പാട്ടുകളും സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വാചകങ്ങളും, മുൻകാല പോരായ്മകൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ച് തയാറാക്കിയ റെക്കോർഡിംഗുകളാണ് അനൗൺസ്‌മെന്റിലൂടെ നടത്തിയത്. സോഷ്യൽമീഡിയകളിലൂടെ ആനിമേഷൻ, എ.ഐ പോലെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെർച്ച്വൽ അനൗൺസ്‌മെന്റും സജീവമായിരുന്നു. സ്ഥാനാർത്ഥികളുടെ ശബ്ദ സന്ദേശങ്ങളും സോഷ്യൽമീഡിയയിൽ പലരും പോസ്റ്റ് ചെയ്തു.
ഇന്ന് നിശബ്ദ പ്രചാരണം
ഇന്നലെ മൂന്നു മുന്നണികളുടെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഡിവിഷനുകളിലെ പഞ്ചായത്തുകളിൽ ഓട്ട പ്രദക്ഷിണം നടത്തി. രണ്ട് ദിവസമായി സ്ലിപ്പുകൾ വിതരണം ചെയ്യുന്ന തിരക്കിലാണ് മുന്നണികൾ. ഇന്ന് മുഴുവൻ വീടുകളിലും ഒരു തവണ കൂടി എത്താൻ സ്ഥാനാർത്ഥികൾ ശ്രമിക്കും. ആടിയുലഞ്ഞ് നിൽക്കുന്ന വോട്ടർമാരെ കേന്ദ്രീകരിച്ചാകും ഇന്നത്തെ പ്രവർത്തനങ്ങൾ.
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പൽ വിതരണ കേന്ദ്രങ്ങളിൽ ഇന്ന് നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകമായി കൗണ്ടറുകൾ സജ്ജീകരിച്ചാണ് വിതരണം. വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള സാമഗ്രികൾ വാങ്ങി, പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിച്ചിട്ടുള്ള വാഹനങ്ങൾ കയറണം. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തുകളിൽ എത്തിക്കുന്നതിനായി ജില്ലയിൽ ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.