അനുഭവപരിചിതരുടെ തൃക്കൊടിത്താനം

Monday 08 December 2025 12:23 AM IST

കോട്ടയം : മൂന്ന് പേരും പരിചിതർ. ഏതെങ്കിലുമൊക്കെ ത്രിതല സംവിധാനത്തിൽ അംഗമായ മൂന്ന് പേർ നേർക്കുനേർ പോരാടുന്നതാണ് തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക. എൽ.ഡി.എഫ് കോട്ടയെന്ന് വിശ്വസിക്കുന്ന ഡിവിഷനിൽ നിലവിലെ അംഗം മഞ്ജു സുജിത് വീണ്ടും മത്സരിക്കുമ്പോൾ ശക്തമായ സാന്നിദ്ധ്യമായി യു.ഡി.എഫിലെ വിനു ജോബും എൻ.ഡി.എയിലെ വി.വി.വിനയകുമാറും കളത്തിലുണ്ട്. തൃക്കൊടിത്താനം പഞ്ചായത്തിലെ 22 വാർഡും പായിപ്പാട് പഞ്ചായത്തിലെ 17 വാർഡും മാടപ്പള്ളി പഞ്ചായത്തിലെ ആറ് വാർഡും വാഴപ്പള്ളി പഞ്ചായത്തിലെ രണ്ടു വാർഡും ചേർത്ത് 47 വാർഡുകൾ ചേരുന്നതാണ് ഡിവിഷൻ. കഴിഞ്ഞ നാല് ടേമുകളായി എൽ. ഡി. എഫിനൊപ്പം. എന്നാൽ ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് മറ്റ് മുന്നണികളുടെ വിശ്വാസം.

മഞ്ജു സുജിത് (എൽ.ഡി.എഫ്)

നിലവിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ. കഴിഞ്ഞ തവണ ജില്ലയിലെ റെക്കാഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പർ,ദേശീയ തലത്തിൽ ക്യാൻസർ രോഗത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബൽ ക്യാൻസർ കൺസേൺ ഇന്ത്യയുടെ സീനിയർ ജനറൽ മാനേജറായി ഡൽഹിയിലും ഡിസ്റ്റിക് ഡയറക്ടർ ആയി ആയി കേരളത്തിലും 17 വർഷത്തെ പ്രവർത്തനത്തിനൊടുവിലാണ് ജനപ്രതിനിധിയായത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ വൈസ് പ്രസിഡന്റ്, സി.പി .എം തൃക്കൊടിത്താനം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

 വിനു ജോബ് (യു.ഡി.എഫ്)

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായിരുന്ന വിനു ജോബ് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ഭാഗായി എൽ.ഡി.എഫിലായിരുന്നു. എന്നാൽ രാജിവച്ചാണ് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി മത്സരിക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം.

വി.വി.വിനയകുമാർ (എൻ.ഡി.എ) സൗമ്യനായ യുവ നേതാവെന്നതാണ് വിനയകുമാറിന്റെ ഐഡന്റിറ്റി. മാടപ്പള്ളി പഞ്ചായത്ത് മുൻ അംഗം. മെഡിക്കൽ റപ്രസെന്ററ്റീവാണ്. കെ റയിൽ സമരസമിതി ജില്ലാ വൈസ് ചെയർമാനെന്ന നിലയിൽ സമരം നയിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം.

നിർണായകം

സാമുദായിക വോട്ടുകൾ

വികസന വിഷയങ്ങൾ

 സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാവം