കതിരൂരിൽ തലമുറ പോരാട്ടം
കണ്ണൂർ: ജില്ലാ പഞ്ചായത്ത് കതിരൂർ ഡിവിഷനിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പരിചയസമ്പത്തും പുതുതലമുറ നേതൃത്വവും തമ്മിലുള്ള പോരാട്ടമായി മാറുകയാണ്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ, തദ്ദേശഭരണ പരിചയവും പാർട്ടി സംഘടനാ പശ്ചാത്തലവുമുള്ള മുതിർന്ന നേതാവിനെതിരെ നിയമരംഗത്തെ യുവപ്രതിനിധിയാണ് യു.ഡി.എഫിന്റെ പ്രതീക്ഷയായി ഇറങ്ങുന്നത്.
നാല് പഞ്ചായത്തുകളിൽ നിന്നുള്ള മൊത്തം 47 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് കതിരൂർ ഡിവിഷൻ. കതിരൂർ പഞ്ചായത്തിൽ നിന്നുള്ള 20 വാർഡുകൾ, എരഞ്ഞോളി പഞ്ചായത്തിൽ നിന്നുള്ള 18 വാർഡുകൾ, ന്യൂ മാഹി പഞ്ചായത്തിലെ രണ്ട് വാർഡുകൾ, പിണറായി പഞ്ചായത്തിലെ ഏഴ് വാർഡുകൾ എന്നിവയാണ് ഈ ഡിവിഷന്റെ ഘടന.
എൽ.ഡി.എഫ് സ്ഥാനാത്ഥിയായ ശോഭയ്ക്ക് ശ്രദ്ധേയമായ തദ്ദേശഭരണ രംഗത്ത് പശ്ചാത്തലമുണ്ട്. 2005ൽ കതിരൂർ തെരുവ് വാർഡിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അവർ, 2010ൽ കതിരൂർ ടൗൺ വാർഡിൽ നിന്നും വിജയിച്ചു. ഇത് അവരുടെ മൂന്നാം തദ്ദേശതിരഞ്ഞെടുപ്പാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി, വീണ വിശ്വനാഥ് തദ്ദേശതിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും, യുവജനങ്ങളുടെ പിന്തുണ നേടാനും പുതിയ നേതൃത്വത്തിനായുള്ള ആഗ്രഹം പ്രയോജനപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.
അങ്കത്തട്ടിൽ ഇവർ
പാർട്ടി നേതൃത്വത്തിലെ അനുഭവ സമ്പത്തും ഭരണപരിചയവുമുള്ള എ.കെ ശോഭയാണ് എൽ.ഡി.എഫിന്റെ മത്സരാർത്ഥി. കതിരൂർ പുല്യോട് ഈസ്റ്റിൽ താമസിക്കുന്ന ശോഭ സി.പി.എം. കതിരൂർ ലോക്കൽ കമ്മിറ്റിയിൽ അംഗമാണ്. റബ്‌കോയിൽ ജോലി ചെയ്യുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ തലശ്ശേരി ഏരിയ സെക്രട്ടറി എന്ന നിലയിലും ഉത്തരവാദിത്തം വഹിക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി, കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള 27 കാരിയായ വീണ വിശ്വനാഥ് തലശ്ശേരി ബാറിൽ നിയമപ്രാക്ടീസ് നടത്തുന്ന അഭിഭാഷകയാണ്. ലോയേഴ്സ് കോൺഗ്രസ് യൂത്ത് വിംഗിന്റെ തലശ്ശേരി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുന്നു.
രശ്മിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. പരമ്പരാഗതമായി ഇടതുപക്ഷ സ്വാധീനമുള്ള ഈ മേഖലയിൽ ബി.ജെ.പിയുടെ പങ്കാളിത്തം ത്രികോണ മത്സരത്തിന് വഴിവച്ചിരിക്കുകയാണ്.
എ.കെ ശോഭ (എൽ.ഡി.എഫ്), വീണ വിശ്വനാഥ് (യു.ഡി.എഫ്), രശ്മി (എൻ.ഡി.എ)