അഞ്ചരക്കണ്ടിയിൽ ആരു വാഴും
കണ്ണൂർ: ജില്ലാ പഞ്ചായത്തിലെ അഞ്ചരക്കണ്ടി ഡിവിഷനിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് സവിശേഷതകളാൽ നിറഞ്ഞതാണ്. മുൻ വേങ്ങാട് ഡിവിഷനിൽ നിന്ന് അതിർത്തികളിൽ മാറ്റം വരുത്തിയാണ് പുതിയ ഡിവിഷൻ രൂപീകരിച്ചിരിക്കുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര വ്യാപ്തി തലശ്ശേരി, എടക്കാട്, ഇരിട്ടി എന്നീ മൂന്ന് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്നു. മാങ്ങാട്ടിടം, വട്ടിപ്രം, ചക്കരക്കലിന്റെ ഭാഗങ്ങൾ, കീഴല്ലൂർ എന്നിവിടങ്ങളിലെ വോട്ടർമാരാണ് ഈ തവണ ഡിവിഷന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാൻ പോകുന്നത്. തലശ്ശേരി ബ്ലോക്കിലെ പാതിരിയാട്, പടുവിലായി, മാവിലായി മേഖലകളെയും പിണറായിയിലെ ഒരു വാർഡിനെയും അതിർത്തി നിർണയത്തിൽ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ വേങ്ങാട് ഡിവിഷനിൽ ഇടതുപക്ഷത്തിന് വൻ വിജയമാണുണ്ടായത്. എന്നാൽ അതിർത്തി മാറ്റങ്ങൾ വോട്ടർ പാറ്റേണിൽ ചെറിയ വ്യതിയാനം പ്രതീക്ഷിക്കാം. മൂന്ന് സ്ഥാനാർഥികൾക്കും വ്യത്യസ്ത മേഖലകളിൽ പ്രവർത്തന പശ്ചാത്തലമുള്ളതിനാൽ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ വോട്ടിംഗിൽ പ്രതിഫലിച്ചേക്കാം.
അങ്കത്തട്ടിൽ ഇവർ ഒ.സി ബിന്ദുവാണ് ഇടതു സ്ഥാനാർത്ഥി. സി.ഐ.ടി.യു നേതൃത്വത്തിൽ നിന്നെത്തിയ ബിന്ദുവിന് സാന്ത്വന പരിചരണ രംഗത്ത് ശക്തമായ പ്രവർത്തന പശ്ചാത്തലമുണ്ട്. സംസ്ഥാന തലത്തിൽ സി.ഐ.ടി.യു സെക്രട്ടറി, പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, വർക്കിംഗ് വിമൻസ് ജോയിന്റ് കൺവീനർ തുടങ്ങിയ സംഘടനാ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുള്ള ബിന്ദു ആദ്യമായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
മുസ്ലിം ലീഗിലെ ജസ്ലീനയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. അദ്ധ്യാപക രംഗത്ത് സജീവമായ പ്രവർത്തകയാണ്. ധർമടം മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം കെ.എ.ടി.എഫ് വനിതാവിഭാഗം ജില്ലാ ട്രഷറർ സ്ഥാനവും വഹിക്കുന്നു. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ നിലവിലെ വാർഡ് മെമ്പറായതിനാൽ പ്രാദേശിക ഭരണാനുഭവം ഉണ്ട്. വേങ്ങാട് സ്വദേശിനി ഷൈജാ ശശിധരനാണ് ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയ്ക്കുള്ള സ്ഥാനത്തിനപ്പുറം, ധർമടം മണ്ഡലത്തിലെ മഹിളാ മോർച്ചയിൽ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പുകളിൽ വേങ്ങാട് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ച അനുഭവസമ്പത്തുമുണ്ട്.
ഒ.സി ബിന്ദു (എൽ.ഡി.എഫ്), ജസ്ലീന (യു.ഡി.എഫ്), ഷൈജാ ശശിധരൻ (എൻ.ഡി.എ)