'നടിയുടെ വീഡിയോ ദിലീപ് വീട്ടിലിരുന്നു കണ്ടു, അന്ന് കാവ്യ ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരുന്നത്'; ആ വെളിപ്പെടുത്തൽ ഇങ്ങനെ
കൊച്ചി: യുവനടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നാടകീയതയും വിവാദങ്ങളും നിറഞ്ഞ വിചാരണയ്‌ക്കൊടുവിൽ നാളെ നിർണായക വിധി. എട്ടര വർഷത്തിനുശേഷം വരുന്ന വിധി, എട്ടാംപ്രതിയായ നടൻ ദിലീപിനെ എങ്ങനെ ബാധിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് മലയാളികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക.
പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം 10 പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്നായരെയും പ്രതിചേർത്തിരുന്നു.
2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.
കേസിൽ ഏറ്റവും നിർണായകമായ തെളിവുകളിൽ ഒന്ന് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു. അന്ന് കൃത്യം നടത്തിയതിന് ശേഷം പൾസർ സുനി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയെന്ന വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാർ നടത്തിയത്. ഇതിൽ പ്രധാന സാക്ഷി കൂടിയായി അദ്ദേഹം മാറി. കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്.
'നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ടിവിയിലൂടെയാണ് കണ്ടത്. അന്ന് ഇക്കാര്യം ദിലീപിനെ വിളിച്ച് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്ന കളവാണ് പറഞ്ഞത്. കേസിൽ ദിലീപ് എട്ടാം പ്രതിയായതോടെ തന്നെ കാണണമെന്ന് അറിയിച്ചതിനെ തുടർന്ന് അവിടെ എത്തി. പൾസർ സുനിയെ കണ്ടെന്ന് ആരോടും വെളിപ്പെടുത്തരുതെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടു. പൾസർ സുനിയെ കണ്ട കാര്യം താൻ പറയില്ലെന്ന് ഉറപ്പ് ലഭിക്കുന്നത് വരെ കാവ്യാ മാധവൻ ഭക്ഷണം പോലും കഴിക്കാതെ കാത്തിരുന്നു. ഇത് കാവ്യ തന്നെയാണ് പറഞ്ഞത്'- ബാലചന്ദ്രകുമാർ അന്ന് വെളിപ്പെടുത്തി.
പൾസർ സുനി ദിലീപിനെ കണ്ട കാര്യം ആരോടും പറയരുതെന്നും അത് ജാമ്യം ലഭിക്കാൻ തടസമാകുമെന്ന് പറഞ്ഞ് ഫോൺ വിളിച്ചത് ദിലീപിന്റെ സഹോദരൻ, സഹോദരി ഭർത്താവ്, കാവ്യ എന്നിവരാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഒടുവിൽ ജാമ്യം ലഭിച്ചപ്പോൾ ദിലീപിന്റെ സഹോദരി ഭർത്താവ് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടെ അപായപ്പെടുത്താനുള്ള ഗൂഡാലോചന നടത്തി ജാമ്യം ലഭിച്ച് വീട്ടിലെത്തി ദിവസങ്ങൾക്കുള്ളിൽ നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപ് സ്വന്തം വീട്ടിലിരുന്നു കണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.