തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു
Monday 08 December 2025 12:16 AM IST
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 11നും 13ന് വോട്ടെണ്ണലും നടക്കുന്നതിനാൽ 9ന് വൈകീട്ട് ആറ് മുതൽ 11ന് പോളിംഗ് അവസാനിക്കുന്നത് വരെയും 13നും ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ ഡിസംബർ 11ന് വൈകീട്ട് ആറ് മണിക്ക് മുമ്പുള്ള 48 മണിക്കൂർ സമയം കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണമെന്ന് കർണാടക കുടക് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പൊലീസ് സൂപ്രണ്ട്, മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ എന്നിവരോട് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഡ്രൈഡേ ദിവസങ്ങളിൽ മദ്യമോ സമാനമായ ലഹരിപാനീയങ്ങളോ ഹോട്ടലുകളിലോ ഭക്ഷ്യശാലകളിലോ കടകളിലോ പോളിംഗ് മേഖലയിലെ ഏതെങ്കിലും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല.