എസ്.ഐ.ആർ മണലൂരിൽ പൂർണം

Monday 08 December 2025 12:56 AM IST

തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായ എന്യൂമറേഷൻ ഫോം സ്വീകരണവും ഡിജിറ്റലൈസേഷനും പൂർത്തിയാക്കിയ ആദ്യ നിയോജക മണ്ഡലമായി മണലൂർ. ബി.എൽ.ഒമാർ ഗൃഹസന്ദർശനം നടത്തിയും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചുമാണ് ഫോമുകൾ സ്വീകരിച്ച് ഡിജിറ്റലൈസ് ചെയ്തത്. മണലൂരിൽ 193 ബൂത്തുകളിലായി ആകെ 2,27,565 വോട്ടർമാരാണുള്ളത്. ഇതിൽ 2,06,152 വോട്ടർമാർ എന്യൂമറേഷൻ ഫോം പൂർത്തിയാക്കി. 21,413 വോട്ടർമാർ മരിച്ചതായും സ്ഥലം മാറി പോയവരായും ഇരട്ടവോട്ടുള്ളവരായുമുണ്ട്. പ്രവർത്തനത്തിൽ പങ്കാളികളായ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറും എൽ.എ ഡെപ്യൂട്ടി കളക്ടറുമായ ആർ.മനോജ്, അസി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ, ബി.എൽ.ഒ സൂപ്പർവൈസർമാർ, ബി.എൽ.ഒമാർ തുടങ്ങിയവരെ കളക്ടർ അഭിനന്ദിച്ചു.