ആകാശ യാത്രാ ദുരിതത്തിന് അറുതിയില്ല; രണ്ട് ദിവസം കൂടി വേണമെന്ന് ഇൻഡിഗോ

Monday 08 December 2025 1:41 AM IST

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ റദ്ദാക്കൽ ആറാം ദിവസമായ ഇന്നലെയും തുടർന്നതോടെ രാജ്യമെമ്പാടും വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരിടുന്ന ദുരിതത്തിന് ശമനമായില്ല. ഡിസംബർ 10ന് പ്രവർത്തനം സാധാരണ നിലയാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്നലെ രാജ്യമെമ്പാടും ഇന്നലെ 650 ഇൻഡിഗോ സർവീസുകൾ റദ്ദാക്കി. ഇന്നലെ വരെ 610 കോടി രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തു.

കൊച്ചി​യി​ൽ നി​ന്നുള്ള സർവീസുകളും മുടങ്ങി​. മുംബയിൽ നിന്നുള്ള 112 സർവീസും ഡൽഹിയിൽ നിന്നുള്ള 109 സർവീസും ഇതിൽ ഉൾപ്പെടുന്നു. 1650 സർവീസുകൾ നടത്തി. റദ്ദാക്കൽ, റീഫണ്ട് എന്നിവ സംബന്ധിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ സിവിൽ വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്‌ക്ക് നിർദ്ദേശം നൽകി.

യാത്രാ ദുരിതത്തെ തുടർന്നുള്ള ദേഷ്യം യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിനോടാണ് തീർക്കുന്നത്. അതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.

ഇൻഡിഗോ പ്രതിസന്ധി ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ പറഞ്ഞു.

 95% കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചു

138 ലക്ഷ്യസ്ഥാനങ്ങളിൽ 135ലേക്കും സർവീസ് നടത്തുന്നുണ്ടെന്നും 95%ത്തിലധികം കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചെന്നും ഇൻഡിഗോ അറിയിച്ചു. ഡിസംബർ 15 വരെയുള്ള എല്ലാ ബുക്കിംഗുകൾക്കും പൂർണ റീഫണ്ട് നൽകും.

വിമാന റദ്ദാക്കലും കാലതാമസവും നേരിട്ടുതുടങ്ങിയ ദിവസം തന്നെ ഡയറക്ടർ ബോർഡ് ചേർന്നെന്നും പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് മാനേജ്‌മെന്റ് വിശദമായ വിശദീകരണം നൽകിയെന്നും ഇൻഡിഗോ പത്രക്കുറിപ്പിലുണ്ട്. പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ചെയർമാൻ, ഡയറക്ടർമാർ, സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് എന്നിവരടങ്ങുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ചു.

പ്രത്യേക ട്രെയിൻ

വിമാന പ്രതിസന്ധി കണക്കിലെടുത്ത് റെയിൽവേ 89 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ട്. ന്യൂഡൽഹി, മുംബയ്, ചെന്നൈ, ബംഗളൂരു, പട്‌ന, ഹൗറ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്തിയാണ് നടപടി.