മുൻകരുതലുകളില്ലാതെ ഫയർ ഷോ; ഗോവയിൽ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 മരണം

Monday 08 December 2025 3:55 AM IST

പനജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ നാല് വിദേശികളുൾപ്പെടെ 25 പേർ മരിക്കാനിടയായതിനു പിന്നിൽ കടുത്ത അശ്രദ്ധയും അനാസ്ഥയും.സുരക്ഷാ മുൻകരുതലുകളില്ലാതെ ഇലക്‌ട്രോണിക് ഫയർക്രാക്കറുകൾ പ്രയോഗിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്.

മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ കനത്ത പുകയിലും തിരക്കിലും ശ്വാസം മുട്ടിയുമാണ് മരിച്ചത്. മരിച്ചവരിൽ 14 പേരും ക്ലബ്ബ് ജീവനക്കാരാണ്. പരിക്കേറ്റ ആറ് പേർ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 12.04 ഓടെ ബേർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അപകടമുണ്ടായത്. അപകട ദൃശ്യങ്ങൾ പുറത്തുവന്നു. കെട്ടിടത്തെ തീ വിഴുങ്ങുന്നത് ഇതിൽ വ്യക്തമാണ്. അപകടമുണ്ടായ ഉടൻ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

ദുഃഖമറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അറിയിച്ചു. അതിനിടെ ദുരന്ത പശ്ചാത്തലത്തിലും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായും ഗോവ പൊലീസ് പരിശോധന കർശനമാക്കി.

# തീപടർന്നത് ഒന്നാം നിലയിൽ

 തീപിടിത്തമുണ്ടായത് നൃത്തവും മറ്റും നടക്കുന്ന ക്ലബ്ബിന്റെ ഒന്നാം നിലയിൽ

 നിർമ്മാണത്തിനും അലങ്കാരത്തിനും ഉപയോഗിച്ച പനയോല, മുള, തടി തുടങ്ങിയ വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യവും തീരെ ഇടുങ്ങിയ വാതിലുകളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി

 ഫയർ ഷോയ്ക്കിടെ തീപ്പൊരി മുള കൊണ്ടുള്ള അലങ്കാര സീലിംഗിലേക്ക് തെറിച്ചു വീഴുന്നത് കണ്ടെന്ന് ദൃക്സാക്ഷി

 മതിയായ അഗ്നിരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല

 കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലും ബേസ്‌മെന്റ് ഏരിയയിലുമുള്ളവർ പുറത്തേക്ക് രക്ഷപെടാനാകാതെ കുടുങ്ങി. ശ്വാസംമുട്ടി മരിച്ചവരിൽ ഏറെയും ഇവർ

# ഗുരുതര വീഴ്ച

അപകടത്തിൽ ഗോവ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചു. ക്ലബ്ബിന്റെ ജനറൽ മാനേജർ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. ക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവർ ഉടൻ അറസ്റ്റിലായേക്കും.

ലൈസൻസ് ഇല്ലാതെ നിർമ്മിച്ചതിന്റെ പേരിൽ ക്ലബ്ബ് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരുന്നെന്നും എന്നാൽ അപ്പീലിന്റെ പശ്ചാത്തലത്തിൽ നോട്ടീസ് സ്റ്റേ ചെയ്യപ്പെട്ടെന്നും അധികൃതർ പറഞ്ഞു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് നടത്തിപ്പുകാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

അതിനിടെ,​ ദുരന്തം രാഷ്ട്രീയ സംഘർഷത്തിനും കാരണമായി. അപകടത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച ഗോവ കോൺഗ്രസ് യൂണിറ്റ്, ധാർമ്മികപരമായ ഉത്തരവാദിത്വം ഏറ്റെടുത്ത് സാവന്ത് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

# പാട്ടും നൃത്തവും

നടക്കുന്നതിനിടെ

സൂപ്പർഹിറ്റ് ചിത്രം ഷോലെയിലെ 'മെഹബൂബ മെഹബൂബ" എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് തീ പടർന്നത്. യുവതി പാട്ടിനനുസരിച്ച് നൃത്തം വയ്ക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ ആർത്തുവിളിക്കുന്നതിന്റെയും ഇതിനിടെ തീ പടരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.  പരിപാടി ആസ്വദിച്ചിരിക്കുന്നവർക്ക് പെട്ടെന്ന് അപകടമാണെന്ന് മനസിലായില്ല. 'നിങ്ങൾ തീകൊളുത്തി"യെന്ന് ഒരാൾ തമാശയ്ക്ക് പറയുന്നുണ്ട്. രണ്ട് ജീവനക്കാർ ആശങ്കയോടെ ഓടുന്നതും ഉപകരണങ്ങൾ മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പാട്ടും നൃത്തവും തുടർന്നു. നിമിഷങ്ങൾക്കുള്ളിൽ തീ സീലിംഗിൽ ആളിപ്പടർന്നു.