ലഹരിമരുന്നും കറൻസിയും പിടിച്ചെടുത്ത് ഡിആർഐ
Monday 08 December 2025 12:34 AM IST
നെടുമ്പാശേരി: കൊച്ചിയിൽ അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടി. ഡൽഹി വിമാനത്താവളം, കൊച്ചി വിമാനത്താവളം, കൊച്ചിയിലെ ചില പ്രത്യേക ഇടങ്ങൾ എന്നിവിടങ്ങൾ ഏകോപിപ്പിച്ച് ഡി.ആർ.ഐ കൊച്ചി മേഖലാ യൂണിറ്റ് നടത്തിയ ഓപ്പറേഷനിലാണ് ഏഴ് കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തത്. ഒരു യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ നിന്നും മറ്റൊരാളെ കൊച്ചി വിമാനത്താവളത്തിൽ നിന്നും പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 7 കോടി രൂപ മൂല്യമുള്ള തായ്‌ലൻഡിൽ നിന്നുള്ള 7 കിലോ ഹൈഡ്രോപോണിക് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. കൊച്ചിയിലെ ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള ഒരു സംഘാടകനും കോഓർഡിനേറ്ററും ഡൽഹിയിൽ നിന്നുള്ള ഒരു കൂട്ടാളിയും പിടിയിലായിട്ടുണ്ട്.