വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ പെട്രോളൊഴിച്ച് കത്തിച്ചു

Monday 08 December 2025 12:36 AM IST

കോട്ടയം: വീടിന് മുന്നിലെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന കാർ പെട്രോളൊഴിച്ച് കത്തിച്ചു. വാരിശേരി പുതുപ്പറമ്പിൽ റിയാസിന്റെ സ്വിഫ്റ്റ് ഡിസയർ കാറാണ് കുമ്മനം സ്വദേശി കത്തിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വീട്ടിൽ പണി നടക്കുന്നതിനാൽ കാർ പോർച്ചിലേക്ക് കയറ്റാതെ വീടിനുമുന്നിൽ നിറുത്തിയിട്ടതായിരുന്നു. പുലർച്ചെ സമീപവാസിയാണ് ഒരാൾ കാറിനരികിലേക്കു വരുന്നതും പെട്ടെന്ന് തീ ആളിപ്പടരുന്നതും കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുമ്മനം സ്വദേശിയാണെന്ന് മനസിലാക്കി. ഇയാൾ ഹെൽമെറ്റ് ധരിച്ച് കാറിനരികിൽ വരുന്നതും പെട്രോളൊഴിക്കുന്നതും തീയിടുന്നതും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചു. റിയാസിന്റെ അയൽവീട്ടിൽ കുമ്മനം സ്വദേശി പണിയ്ക്ക് വരികയും അവരുമായി കൂലി തർക്കം നടന്നിരുന്നു. ഇതേതുടർന്നുണ്ടായ വൈരാഗ്യം തീർക്കാൻ ഇവരുടെ കാറാണെന്ന് തെറ്റിദ്ധരിച്ച് തീയിട്ടതാണെന്നാണ് കരുതുന്നത്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.